കാസർകോട്: ഇതര ക്രൈസ്തവ സഭകളിൽ നിന്ന് വിവാഹം കഴിക്കാം എന്ന ഉത്തരവ് ഉണ്ടായിട്ടും ക്നാനായ സഭ അനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് കാസർകോട് കൊട്ടോടി സ്വദേശിയായ യുവാവ് വധുവിനെ മാല ചാർത്തിയത് പള്ളിക്ക് പുറത്ത് വച്ച്. കൊട്ടോടി സെന്റ് ആന്റ്സ് ഇടവകാംഗമായ ജസ്റ്റിൻ ജോണിനാണ് ഈ ദുരാനുഭവം.
ക്നാനായ സഭാംഗങ്ങള്‍ക്ക് സഭാംഗത്വം നഷ്ടപ്പെടുത്താതെ തന്നെ മറ്റു ക്രൈസ്തവ സഭകളില്‍നിന്ന് വിവാഹം കഴിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതിന്റ അടിസ്ഥാനത്തിലാണ് ജസ്റ്റിന്‍ സിറോ മലബാര്‍ സഭ തലശേരി രൂപതയ്ക്ക് കീഴിലെ കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിലെ വിജിമോളെ വിവാഹം കഴിക്കാന്‍ ജസ്റ്റിൻ തീരുമാനിച്ചത്. ക്നാനായ സഭ കുറി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 17ന് ഒത്തുകല്യാണവും നടന്നിരുന്നു.
വധുവിന്റ ഇടവകയില്‍ വച്ച് മേയ് 18ന് വിവാഹം നടത്താൻ തീരുമാനമായ കാര്യം സഭാ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെ വിവാഹ ചടങ്ങിനായി വധുവും വരനും ബന്ധുക്കളും എത്തിയപ്പോൾ ഇടവക അധികാരികൾ അനുമതി നൽകിയില്ല. വിവാഹം നടക്കാതിരിക്കാൻ വിശ്വാസികളെ പങ്കെടുപ്പിച്ചു പ്രാർത്ഥന യജ്ഞവും നടത്തിയിരുന്നു. പള്ളിയിൽ വെച്ച് വിവാഹം നടക്കില്ലെന്ന് ഉറപ്പായതോടെ പള്ളിക്ക് പുറത്തെ വേദിയിൽ വച്ച് ജസ്റ്റിനും വിജിമോളും മാല ചാർത്തി വിവാഹം കഴിച്ചു. 750 പേർക്കുള്ള സദ്യയും വിളമ്പി.
അതേസമയം ജസ്റ്റിൻ വിവാഹം പള്ളിയിൽ വച്ച് നടത്തുന്ന കാര്യം ഇന്നലെ വൈകിട്ട് മാത്രമാണ് അറിയിച്ചതെന്നു ക്നാനായ സഭ വ്യക്തമാക്കി. ക്നാനായ സഭയുടെ കുറി കിട്ടാത്തതുകൊണ്ടാണ് പള്ളിയില്‍വച്ച് കല്യാണം നടത്താന്‍ അനുവദിക്കാതിരുന്നതെന്ന് സിറോ മലബാര്‍ സഭയും വ്യക്തമാക്കി. എന്നാൽ കല്യാണത്തിനുള്ള കുറി കോട്ടയം അതിരൂപത നേരിട്ട് തലശേരി രൂപതയ്ക്ക് കൊടുക്കുമെന്ന് പറഞ്ഞിരുന്നതാണന്നും എന്നാല്‍ അവസാനനിമിഷം സഭ പിന്മാറിയെന്നും ജസ്റ്റിൻ ആരോപിച്ചു. നീതി തേടി കോടതിയെ സമീപിക്കാനാണ് ഓട്ടോറിക്ഷ തൊഴിലാളിയായ ജസ്റ്റിൻ ജോണിന്റെ തീരുമാനം