തിരുവനന്തപുരം: ഐജി പി വിജയനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. എലത്തൂർ ട്രെയിൻ തീവെപ്പു കേസിലെ പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി അന്വേഷണച്ചുമതലയിൽ ഇല്ലാത്ത ഐജി ബന്ധപ്പെട്ടതിനാണ് നടപടി. എഡിജിപി എം ആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ. നേരത്തെ വിജയനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൽനിന്നു മാറ്റിയിരുന്നു.
കോഴിക്കോട് എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ തീകൊളുത്തിയ സംഭവം നടക്കുമ്പോൾ തീവ്രവാദവിരുദ്ധ സ്ക്വാഡിൻ്റെ ഐജിയായിരുന്നു പി വിജയൻ. സംഭവസ്ഥലം പി വിജയൻ സന്ദർശിക്കുകയും തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് എഡിജിപി എം ആർ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ഡിജിപി നിയോഗിച്ചത്.
മഹാരാഷ്ട്രയിലെ രത്നനഗിരിയിൽ അറസ്റ്റിലായ പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലേക്കു കൊണ്ടുവരുമ്പോൾ അന്വേഷണവുമായി ബന്ധമില്ലാത്ത ഐജി പി വിജയൻ പ്രത്യേക സംഘത്തെ ബന്ധപ്പെട്ടിരുന്നു. ഇത് സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയെന്നാണ് എഡിജിപി എം ആർ അജിത് കുമാറിൻ്റെ റിപ്പോർട്ട്. പ്രതിയുമായുള്ള യാത്രാവിവരങ്ങൾ പുറത്തായത് വിജയൻ വഴിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പി വിജയനു പുറമേ ഗ്രേഡ് എസ്‌ഐ മനോജ് കുമാറിനേയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. തുടരന്വേഷണത്തിനായി പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എഡിജിപി പി പത്മകുമാറിനെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ എന്നു പേരെടുത്ത വ്യക്തിയാണ് പി വിജയൻ. നേരത്തെ എറണാകുളം റേഞ്ച് ഐജിയായിരുന്നു.