Thamarassery:മലയോരമേഖലയിൽ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം തോരാതെപെയ്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട്. താമരശ്ശേരി ദേശീയപാതയിൽ കാരാടിയിലും ചുങ്കത്തും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓവുചാൽ അടഞ്ഞതിനെത്തുടർന്ന് വെള്ളം ഒഴിഞ്ഞുപോകാത്തതാണ് കാരണം.
മഴ ശക്തമായതോടെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ഇരുതുള്ളിപ്പുഴയിലും നീരൊഴുക്ക് ശക്തമായി.
തിരുവമ്പാടിയിൽ പെരുമഴയത്ത് റോഡിലിട്ട കോൺക്രീറ്റ് ഒലിച്ചുപോയതായി പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ ആനക്കല്ലുംപാറ-താഴെ കക്കാട് റോഡിലെ പീടികപ്പാറ അങ്ങാടിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ കനത്ത മഴയത്താണ് റോഡ് കോൺക്രീറ്റ് ചെയ്തത്. നൂറുമീറ്ററിലധികം കോൺക്രീറ്റിന്റെ മേൽഭാഗം ഒലിച്ചുപോയിട്ടുണ്ട്. ജൽ ജീവൻ മിഷൻ പദ്ധതിക്ക് പൈപ്പിടാൻ കുഴിച്ച ചാലുകൾ മൂടാൻ രണ്ടുമാസംമുമ്പ് ഇവിടെ നടത്തിയ കോൺക്രീറ്റ് പലഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞതായി ചൂണ്ടിക്കാട്ടി നാട്ടുകാരനായ വി.എ. മുജീബ് റഹ്മാൻ വിജിലൻസിൽ പരാതിനൽകിയിരുന്നു. തകർന്ന ഈ ഭാഗത്തുൾപ്പെടെ ചെയ്ത കോൺക്രീറ്റാണ് മഴയിൽ ഒലിച്ചുപോയത്. തിങ്കളാഴ്ച രാവിലെ പണിതുടങ്ങാൻ വന്നപ്പോൾത്തന്നെ മഴയത്ത് മുന്നൊരുക്കങ്ങളില്ലാതെ കോൺക്രീറ്റ്ചെയ്യരുതെന്ന് പറഞ്ഞിട്ടും കരാറുകാർ കേട്ടില്ലെന്ന് നാട്ടുകാർപറഞ്ഞു. പി.ഡബ്ല്യു.ഡി. കൊടുവള്ളി സെക്ഷന്റെ പരിധിയിൽപ്പെടുന്ന റോഡാണിത്.