Thamarassery: കൂടത്തായി വഴി ഒഴുകുന്ന ഇരുതുള്ളി പുഴയിൽ നിന്നും ദുർഗന്ധ വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരാതി നൽകി.
നൂറുകണക്കിന് ആളുകൾ അലക്കാനും, കുളിക്കാനും പുഴയിൽ പതിവായി എത്താറുണ്ട്, ജലനിധിയുടേയും, വാട്ടർ അതോറിറ്റിയുടേയും കുടിവെള്ള ടാങ്കുകളും പുഴയോരത്ത് നിലനിൽക്കുന്നുണ്ട്, താമരശ്ശേരി പട്ടണം, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നതും ഈ പുഴയിൽ നിന്നാണ്.
പുഴയുടെ കൈവരിതോടിനോട് ചേർന്ന് കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ സ്ഥിതി ചെയ്യുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നും മാലിന്യം പുഴയിലേക്ക് ഒഴുക്കുമ്പോഴാണ് ദുർഗന്ധം ഉയരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രി പൊതുജന ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, ജൂനിയർ എച്ച് ഐമാരായ നീതു, ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്, വെള്ളം പരിശോധിച്ച് ഫലം വന്നതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.