Kavanur: കാവനൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. മുസ്ലീംലീഗ് പ്രസിഡന്റിനെതിരായ അവിശ്വാസം കോൺഗ്രസ് പിന്തുണയോടെയാണ് പാസായത്.
യുഡിഎഫ് ഭിന്നതയെ തുടർന്ന് കോൺഗ്രസ് പഞ്ചായത്ത് അംഗം ഷഹർബാൻ ശരീഫ് നേരത്തെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് നടന്ന തെരെഞ്ഞെടുപ്പിൽ എൽഡിഎഫിലെ ടി സുനിതകുമാരിയെ തെരഞ്ഞെടുത്തു. ഇതോടെ ഭരണസമിതിയ്ക്കെതിരെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവരുകയായിരുന്നു. 19 അംഗങ്ങളുള്ള പഞ്ചായത്തിൽ മുസ്ലീ ലീഗ് ഒമ്പത്, സിപിഐ എം ഏഴ്, കോൺഗ്രസ് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ 10 അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്.
ഭരണം നേടിയ എൽഡിഎഫ് പ്രവർത്തകർ കാവനൂർ അങ്ങാടിയിൽ ആഹ്ലാദപ്രകടനം നടത്തി. സിപിഐ എം അരീക്കോട് ഏരിയാ കമ്മറ്റി അംഗം പി പരമേശ്വരൻ, ലോക്കൽ സെക്രട്ടറി പി ടി ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാളിയേക്കൽ അബ്ദുറഹിമാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുനിതകുമാരി, വി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.