Omassery: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ ഇരുചക്രവാഹന യാത്രക്കാർ ജീവൻ പണയം വെച്ചാണ് വാഹനമോടിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളം വലിയ ചാലുകൾ രൂപപ്പെട്ടിരിക്കുകയാണ്. ചിലയിടത്ത് വലിയ മുഴപോലെ റോഡ് ഉയർന്നുവരുകയും ചെയ്തതോടെ ഇരുചക്രവാഹന യാത്ര ഇതുവഴി ദുസ്സഹമായി.
ചാലിലിറങ്ങി നിയന്ത്രണം തെറ്റി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. ഓമശ്ശേരിക്കും കൂടത്തായിക്കുമിടയിൽ റോഡിന്റെ ഇരുവശത്തും വലിയ ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. നിർമാണം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴേക്കും റോഡ് താഴ്ന്നു പോയതിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്.
റോഡരികിലെ അഴുക്കുചാലുകളും അതിനു മുകളിലിടുന്ന സ്ലാബുകളും പലസ്ഥലത്തും തകർന്നു. 228 കോടി രൂപ ചെലവഴിച്ചാണ് ഒരുവർഷം മുൻപ് സംസ്ഥാനപാത നവീകരിച്ചത്. നവീകരണ വേളയിൽത്തന്നെ കരാർക്കമ്പനി പ്രവൃത്തിയിൽ ഗുണനിലവാരമില്ലെന്ന് ആരോപണമുയർന്നിരുന്നു. മഴക്കാലമായതോടെ റോഡിലെ താഴ്ചയിലേക്ക് വാഹനം തെന്നിമാറി അപകടങ്ങൾ വർധിച്ചു. റോഡ് നവീകരണത്തിലെ അപാകം സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്ടിപി, പിഡബ്ള്യുഡി വിജിലൻസ് ക്വാളിറ്റി കൺട്രോൾ വിഭാഗം എന്നിവർ സംഭവസ്ഥലം പരിശോധിച്ചശേഷം നിർമ്മാണത്തിലെ അപാകം സ്ഥിരീകരിച്ചിരുന്നു. യോഗത്തിനുശേഷം കരാർക്കമ്പനിക്കെതിരേ നടപടിയുണ്ടാകുമെന്നും അവർ ഉറപ്പു നൽകി. റോഡിന്റെ അഞ്ചു വർഷത്തെ പരിപാലനച്ചുമതലയും കരാർക്കമ്പനിക്ക് നൽകിക്കൊണ്ടാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നതെങ്കിലും കൃത്യ സമയത്ത് അറ്റകുറ്റപ്പണിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. ഒരു വർഷം പൂർത്തിയാകുന്നതിനുമുൻപേ ഒട്ടേറെ സ്ഥലങ്ങളിൽ റോഡ് പൊളിച്ച് കരാർക്കമ്പനിക്ക് വീണ്ടും ടാർചെയ്യേണ്ടിവന്നിരുന്നു.
On the Koyilandy–Edavanna state highway, two-wheeler accidents are increasing due to deep trenches and surface damage on the newly renovated road. Despite spending ₹228 crore on the renovation just a year ago, poor construction quality has led to significant deterioration. Authorities have confirmed flaws in the work, and public demand is rising for action against the contractor responsible, who also failed to perform timely maintenance.