Thamarassery: തുടർച്ചയായ നിയമലംഘനങ്ങളെക്കുറിച്ച് വാർത്തകൾ നൽകിയതിന്റെ പ്രതികാരമായി മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ് കൊടുത്ത അറവുമാലിന്യ സംസ്കരണ ഫാക്ടറിയുടെ നടപടിയെ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) ശക്തമായി അപലപിച്ചു.
സത്യസന്ധമായ അന്വേഷണങ്ങൾക്കും റിപ്പോർട്ടിങ്ങിനും മറുപടിയായി കള്ളക്കേസുകൾ ചുമത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ഫ്രഷ്ക്കട്ട് അറവുഫാക്ടറിയിൽ നടക്കുന്ന ദുരുപയോഗങ്ങളും നിയമലംഘനങ്ങളും മാസങ്ങളായി വാർത്തയാക്കി പുറത്തുകൊണ്ടുവരുന്നത് ചിലർക്ക് അസഹനീയമായതിന്റെ പ്രതിഫലനമാണ് ഈ കേസെന്നും, അധികാരികൾ ദുരുപയോഗത്തിലൂടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇത് അടിസ്ഥാന മനുഷ്യാവകാശത്തിനെതിരെയുള്ളതും മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണവുമാണ്. കണ്ണടച്ചുനിൽക്കുന്ന ഔദ്യോഗിക സംവിധാനങ്ങളോടൊപ്പം ഫ്രഷ്കട്ട് ഫാക്ടറി മാനേജ്‌മന്റ് നിന്നാൽ അതിന് തുല്യമായ പ്രതികരണമാണ് ലഭിക്കുകയെന്നും യോഗം മുന്നറിയിപ്പ് നൽകി.
കേരളത്തിലെ ഓരോ ഓൺലൈൻ മാധ്യമങ്ങളും ഇത്തരം നിയമലംഘനങ്ങൾ അതേ തീവ്രതയിൽ റിപ്പോർട്ട് ചെയ്യുമെന്നും, ഒരാൾക്കെങ്കിലും കള്ളക്കേസ് കൊടുത്ത് മുഴുവൻ മാധ്യമലോകത്തെയും വശീകരിക്കാമെന്ന് അധികാരികൾ കരുതേണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.
മാധ്യമപ്രവർത്തനത്തിന്റെ വിശുദ്ധിയും സ്വാതന്ത്ര്യവുമാണ് ഇപ്പോൾ പുനർമൂല്യനിർണയത്തിന് വിധേയമാകുന്നത്. പിന്നോട്ട് പോവുന്നത് ഒരു മാധ്യമത്തിനും സാധ്യമല്ലെന്നും അംഗങ്ങൾക്കു വേണ്ട എല്ലാ നിയമസഹായവും സുരക്ഷയും ഉറപ്പാക്കുമെന്നും ഒമാക് യോഗം വ്യക്തമാക്കി.
OMAR has condemned the Freshcut slaughter waste factory in Thamarassery for filing a false case against journalists who reported repeated legal violations. The association views this as a misuse of power to silence truthful reporting and an attack on press freedom. OMAR warned of a strong response and vowed that Kerala’s online media will continue to expose such issues fearlessly. They also pledged legal and safety support for affected journalists.