Mavoor: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. തെങ്ങിലക്കടവ് സ്വദേശി സൽമാൻ ഫാരിസിനെ കത്തികൊണ്ട് കുത്തിയ കണ്ണിപറമ്പ് സ്വദേശികളായ കാക്കാരത്ത് വീട്ടിൽ മുഹമ്മദ് സവാദ് (22), കുറുമ്പനത്തടത്തിൽ അനസ് (22) എന്നിവരെയാണ് മാവൂർ പോലീസ് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. കടം വാങ്ങിയ 2000 രൂപ തിരികെക്കൊടുക്കാത്തതിലുള്ള വിരോധം വെച്ച് പ്രതികൾ തെങ്ങിലക്കടവിലുള്ള കോമൂച്ചിക്കൽ വീട്ടിലേക്ക് അതിക്രമിച്ചു കയറി സൽമാനെ തടഞ്ഞുവെച്ച് ഇടത് ഷോൾഡറിനും വാരിയെല്ലിനും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മെഡിക്കൽ കോളേജ് പരിസരത്തുവെച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ അസി. സബ് ഇൻസ്പെക്ടർ സന്തോഷ്, എസ്‌സിപിഒമാരായ രജീഷ്, ജിനചന്ദ്രൻ, ബിബിൻലാൽ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
In Mavoor, two men were arrested for stabbing a youth over a dispute about ₹2000 borrowed money. The victim, Salman Faris of Thengilakkadavu, sustained serious injuries and is hospitalized. Police arrested the accused, Muhammed Savad and Anas, near Kozhikode Medical College.