Thiruvananthapuram: നിലക്കാതെ പെയ്യുന്ന മഴ സംസ്ഥാനത്ത് (Kerala) ദുരിതം വിതച്ചു. വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം. പലയിടത്തും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊച്ചി പാലാരിവട്ടത്ത് മരം വീണ് രണ്ടു ബൈക്ക് യാത്രികര്‍ക്ക് പരുക്കേറ്റു. അഗ്നിരക്ഷാ സേന മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
പനങ്ങാട് ദേശീയപാതയിലേക്ക് മരം വീണു കാറിനു കേടുപാട് പറ്റി. ആര്‍ക്കും പരുക്കില്ല. എറണാകുളം KSRTC Bus സ്റ്റാന്‍ഡില്‍ വെള്ളം കയറി. വൈക്കം തോട്ടുവക്കത്ത് മരം ഒടിഞ്ഞുവീണ് സൈക്കിള്‍ യാത്രികനു പരുക്കേറ്റു.
കൊല്ലത്തും വ്യാപക നാശനഷ്ടമുണ്ടായി. ചെങ്കോട്ട റെയില്‍പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പുനലൂര്‍ – കൊല്ലം, കൊല്ലം – പുനലൂര്‍ മെമു സര്‍വീസുകള്‍ റദ്ദാക്കി. കുണ്ടറയിലും പുനലൂരും മരം വീണ് വീടുകള്‍ തകര്‍ന്നു.
മഴ ശക്തമായതോെട ആലപ്പുഴ ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ചേര്‍ത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കാളികുളത്ത് തെങ്ങ് വീണ് കട തകര്‍ന്നു. കണിച്ചുകുളങ്ങരയില്‍ വൈദ്യുതി ലൈനുകള്‍ക്ക് നാശമുണ്ടായി. Thiruvananthapuram മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ വള്ളം മറിഞ്ഞു. മൂന്നു തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. വള്ളം ഒഴുകിപ്പോയി. കോട്ടയം വൈക്കം വെച്ചൂരില്‍ വീട് ഇടിഞ്ഞു വീണു, ആര്‍ക്കും പരുക്കില്ല. പത്തനംതിട്ട മണിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ 10 സെ.മീ വീതം ഉയര്‍ത്തി. അരയാഞ്ഞിലിമണ്‍, കുറുമ്പന്‍മൂഴി കോസ്വേകള് മുങ്ങി. കോട്ടാങ്ങലില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു.
ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. 4 ദിവസം ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതീവ ജാഗ്രതപാലിക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്കി.
കനത്ത മഴ മുന്നറിയിപ്പുള്ളതിനാല്‍ എറണാകുളം, ആലപ്പുഴ ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധിയാണ്.