Kozhikode: കനത്തമഴ ജില്ലയിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും ദുരിതം വിതച്ചു. ഈ മാസം ആദ്യം മുതൽ ഇന്നലെ വരെ 8.30 കോടി രൂപയുടെ നാശനഷ്ടമാണ് കൃഷി വകുപ്പ് കണക്കാക്കിയത്. കാക്കൂർ, കൊടുവള്ളി, കൊയിലാണ്ടി, കോഴിക്കോട്, കുന്നുമ്മൽ, മുക്കം,പേരാമ്പ്ര, തിക്കേടി, തോടന്നൂർ, തൂണേരി, ഉള്ള്യേരി, വടകര ബ്ലോക്കുകളിലായി 200 ഹെക്ടറോളം വിളകൾ നശിച്ചു. 3,497 കർഷകരാണ് ദുരിതത്തിലായത്. ഏറ്റവും കൂടുതൽ കൃശി നാശം നേരിട്ടത് Kozhikode ബ്ലോക്കിലാണ്.
ഈ ആഴ്ച കൊയ്ത്ത് നിശ്ചയിച്ചിരുന്ന പാടശേഖരങ്ങളിലെ നെൽക്കതിരുകളെല്ലാം വെള്ളത്തിൽ അടിഞ്ഞിരിക്കുകയാണ്. കൂടുതൽ നാശം നേരിട്ടത് വാഴ കൃഷിക്കാണ് 94.78 ഹെക്ടർ ഭൂമിയിലെ 7.65 കോടി രൂപയുടെ വാഴ നശിച്ചു.69.12 ഹെക്ടർ സ്ഥലത്തെ 94427 കുലച്ച വാഴകളാണ് നശിച്ചത്. 25.66 ഹെക്ടറിലെ 49583 കുലയ്ക്കാത്ത വാഴകൾ നിലംപൊത്തി.
2212 കർഷകർക്കാണ് നാശനഷ്ടം ഉണ്ടായത്. തൊട്ടു പുറകിൽ തെങ്ങാണ്. 122 ഹെക്ടർ ഭൂമിയിലെ 52.6 ലക്ഷം രൂപയുടെ തെങ്ങ് നശിച്ചു. 710 കർഷകർക്കാണ് നാശനഷ്ടം ഉണ്ടായത്. 36.25 ഹെക്ടർ സ്ഥലത്തെ 2956 കവുങ്ങുകൾ എന്നിവയ്ക്ക് പുറമേ ജാതി, കുരുമുളക് കൃഷി, പച്ചക്കറി കൃഷി, കപ്പ കൃഷി, എള്ള്, കിഴങ്ങ് വിളകൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
ഓണ വിപണിയിൽ ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർക്ക് ഇത്തവണ നഷ്ട കണക്ക് മാത്രമാണുള്ളത്. കൃഷിഭൂമി പാട്ടത്തിനെടുത്തും ബാങ്ക് വായ്പ്പെടുത്തും കൃഷിയിറക്കിയ കർഷകനാണ് ഇതോടെ കടക്കണിയിൽ ആയത്. കഴിഞ്ഞ വർഷങ്ങളിലെ കാലവർഷക്കെടുതിയിൽ കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരമോ ഇൻഷുറൻസ് തുകയോ പൂർണ്ണമായും ഇതുവരെയും ലഭിച്ചിട്ടില്ല. ഇൻഷൂർ ചെയ്ത വിളകൾക്ക് ഇൻഷുറൻസ് ആനുകൂല്യവും പ്രകൃതിക്ഷോഭ ധനസഹായവും വേഗത്തിൽ ആക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.