Wayanad: രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇന്നാണ് ലോക്സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് തന്നെ സഭയിലെത്തുമെന്നാണ് റിപ്പോർട്ട്. 134 ദിവസത്തിന് ശേഷമാണ് സഭയിലേക്കുള്ള തിരിച്ചുവരവ്. രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ് നീതിയുടെ വിജയമാണെന്ന് ശശി തരൂർ പ്രതികരിച്ചു.
ഓഗസ്റ്റ് നാലിലെ സുപ്രീംകോടതി ഉത്തരവ് അനുകൂലമായതോടെ സാങ്കേതികമായി രാഹുൽ ഗാന്ധി അയോഗ്യത ഒഴിവായെങ്കിലും ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങിയാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് സഭാ നടപടികളിൽ പങ്കെടുക്കാൻ കഴിയുമായിരുന്നുള്ളൂ. നാളെ നടക്കുന്ന സർക്കാരിന് എതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുലിന്റെ സാന്നിധ്യം ഉറപ്പാക്കാനായിരുന്നു കോൺഗ്രസിന്റെ തിരക്കിട്ട നീക്കം.
രണ്ട് ദിവസം മണിപ്പൂർ സന്ദർശിച്ച് സ്ഥിതിഗതികൾ മനസിലാക്കിയ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ചർച്ചകളിൽ വേണമെന്നാണ് ഇന്ത്യ മുന്നണി നേതാക്കളുടെയും നിലപാട്. നിയമത്തിന്റെ നൂലാമാലകൾ ചൂണ്ടിക്കാട്ടി സർക്കാർ നടപടികൾ വൈകിപ്പിക്കുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ടായിരുന്നു. അത്തരം നീക്കം ഉണ്ടായാൽ നിയമപരമായി നേരിടുമെന്ന് കെസി വേണുഗോപാൽ ട്വന്റിഫോറിനോട് വ്യക്തമാക്കിയിരുന്നു.
2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?’ എന്ന് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിലാണ് കേസ്. ബിജെപി എം എ ൽ എ യും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. തുടർന്ന് ഐ പി സി സെക്ഷൻ 499, 500 പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. രണ്ട് വർഷം തടവും 15,000 രൂപ പിഴയുമാണ് കേസിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്.
വിചാരണ കോടതി ഉത്തരവിനെ വിമർശിച്ചുകൊണ്ടാണ് ഇന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് രാഹുൽ ഗാന്ധിക്ക് അനുകൂലമായി വന്നത്. കീഴ്ക്കോടതി വിധിച്ച പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആർ ഗവായി ചൂണ്ടിക്കാട്ടി. രണ്ട് വർഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവിൽ അവ്യക്തമാണ്. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
ബി ആർ ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അഭിഭാഷകൻ മനു അഭിഷേക് സിങ്വിയാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായത്. അയോഗ്യത നീങ്ങിയതോടെ രാഹുലിന് ഇനി വയനാടിന്റെ എം പി യായി തുടരാം.