Thamarassery: നാലുദിവസം മുമ്പാണ് താമരശ്ശേരിയിലേക്ക് ബൈക്കിൽ പോവുകയായിരുന്ന വാവാട് സ്വദേശിയായ വ്യാപാരി മുഹമ്മദ് യാസീനിന് ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റത്. കാരാടിയ്ക്കും ഓടക്കുന്നിനും ഇടയിലെ വട്ടക്കുണ്ട് പാലത്തിനു സമീപം റോഡിലെ വീതി കുറഞ്ഞ് ആഴം കൂടി നില കൊണ്ട ഗർത്തം രാത്രി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ഗർത്തത്തിൽ ചക്രം കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും റോഡിലേക്ക് തെറിച്ചുവീണ് യാസീനിന്റെ കൈയ്ക്കും നെറ്റിക്കുമെല്ലാം പരിക്കേൽക്കുകയുമായിരുന്നു. രണ്ടു ദിവസത്തിനു ശേഷം അതുവഴി സ്കൂട്ടറിൽ കടന്നു പോയ ഒരു വീട്ടമ്മയും നിരത്തിലെ അതേ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടു. ഭാഗ്യം കൊണ്ടാണ് കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
പറഞ്ഞുവരുന്നത് ഏതെങ്കിലും പഞ്ചായത്ത് റോഡിന്റെയോ സംസ്ഥാന പാതയുടെയോ കാര്യമല്ല. ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോവുന്ന കോഴിക്കോട്-കൊല്ലഗൽ ദേശീയപാതാ ഭാഗത്തിന്റെ അവസ്ഥയെക്കുറിച്ചാണ്. കാല വർഷത്തിനു മുമ്പ് ദേശീയ പാതയിൽ പലയിടത്തും നവീകരണം നടന്നിരുന്നെങ്കിലും കനത്ത മഴയെ തുടർന്ന് ഇപ്പോൾ അതിൽ ചിലയിടങ്ങളിൽ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.