Thamarassery: കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേയുടെ ഭാഗമായ Thalayad-Malapuram റീച്ചിന്റെ പ്രവൃത്തി 2025 പകുതിയോടെ പൂർത്തിയാക്കുമെന്ന് പൊതു മരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
നിർമ്മാണ ഉദ്ഘാടനം കട്ടിപ്പാറയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം. കേരളത്തിലെ 13 ജില്ലകളിലൂടെയാണ് മലയോര ഹൈവേ കടന്ന് പോകുന്നത് . ആകെ 1166 കിലോമീറ്റർ ദൂരമുളള ഹൈവേയ്ക്ക് വേണ്ടി 2985 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരളത്തിലാകെ 683 കിലോമീറ്റർ മലയോര ഹൈവേ യഥാർത്ഥ്യമായെന്നും 293 കിലോമീറ്റർ റോഡിന്റെ പണി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന 9.9 കിലോമീറ്റർ നീളമുള്ള പ്രസ്തുത റീച്ച് 12 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനാണ് വിഭാവനം ചെയ്തിട്ടുള്ളത്. 57.95 കോടി രൂപ വകയിരുത്തിയാണ് പ്രവൃത്തി പൂർത്തീകരിക്കുന്നത്. 7 മീറ്റർ വീതിയിൽ ക്യാര്യേജ് വേയും ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ്, കലുങ്കുകൾ, പാർശ്വ ഭിത്തികൾ എന്നിവയും നിർമ്മിക്കും. മലയോര ഹൈവേയുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ കക്കയം, തോണിക്കടവ്, കൂരാച്ചുണ്ട് ഭാഗങ്ങളിലേക്കും എൻ.എച്ച് 766ലേക്കും അതിവേഗം എത്തിച്ചേരാൻ സാധിക്കും. ഹൈവേ കടന്ന് പോകുന്ന മൂന്ന് പഞ്ചായത്തുകളുടെ സമഗ്രമായ വികസനത്തിനും കക്കയം – തോണിക്കടവ് ടൂറിസം പ്രൊജക്ടിനും പദ്ധതി ആക്കം കൂട്ടും.
ഡോ. എം. കെ മുനീർ എം.എൽ.എ അധ്യക്ഷനായി. എം.എൽ.എമാരായ കെ. എം സച്ചിൻ ദേവ്, ലിന്റോ ജോസഫ്, എന്നിവർ വിശിഷ്ടാതിഥികളായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ ജീവൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ അബ്ദുൾ അസീസ്, അസിസ്റ്റന്റ് എഞ്ചിനീയർ അബ്ദുൾ ഫുക്കാറലി, മുഹമ്മദ് മോയത്ത്, നജ്മുന്നിസ ശരീഫ്, റംസീന നരിക്കുനി, നിധീഷ് കല്ലുള്ളതോട്, ജിൻസി തോമസ്, അനിൽ ജോർജ്, പ്രേംജി ജെയിംസ്, ടി പി മുഹമ്മദ് ഷാഹിം, വിഷ്ണു ചുണ്ടൻകുഴി, വി.പി സുരജ, ദൈജ ആമീൻ, എം. കെ ജാസിൽ, മറ്റ് ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.