Mukkam: അമിത ഭാരം കയറ്റിയ ടിപ്പർ ലോറികൾകൾക്കെതിരേ മോട്ടോർ വാഹന വകുപ്പും ജിയോളജി വകുപ്പും പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കെതിരേ ടിപ്പർ ലോറി ജീവനക്കാരുടെയും ഉടമകളുടെയും പ്രതിഷേധം.
ക്രഷറുകളിൽ വേ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത ക്രഷർ ഉടമകൾക്കെതിരേയാണ് നടപടി സ്വീകരിക്കേണ്ടതെന്നാരോപിച്ചായിരുന്നു ലോറി ജീവനക്കാരുടെയും ഉടമകളുടെയും പ്രതിഷേധം. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ നോർത്ത് കാരശ്ശേരിയിലായിരുന്നു സംഭവം.
അമി തഭാരം കയറ്റിയ ടിപ്പർ ലോറികൾക്കെതിരേ അധികൃത വൻ തുക പിഴ ചുമത്തിയതോടെ തൊഴിലാളികളും ഉടമകളും പ്രതിഷേധിക്കുകയായിരുന്നു. വേ ബ്രിഡ്ജ് ഒരുക്കേണ്ടത് ക്രഷർ ഉടമകളാണെന്നും ഭാരമളക്കാൻ തങ്ങൾക്ക് ഒരു മാർഗവുമില്ലെന്നും ടിപ്പർ തൊഴിലാളികൾ പറയുന്നു.
ഒരു ടിപ്പർ ലോറി പിടികൂടി Mukkam നോർത്ത് കാരശ്ശേരിയിലെ സ്വകാര്യ വേ ബ്രിഡ്ജിൽ കൊണ്ടുവന്ന് നടത്തിയ പരിശോധനയിൽ അമിതഭാരം കണ്ടെത്തിയിരുന്നു.
ഇതിന് മോട്ടോർ വാഹന വകുപ്പും ജിയോളജി വകുപ്പും 35,000 രൂപ പിഴയിട്ടതോടെയാണ് പ്രതിഷേധവുമായി ജീവനക്കാരെത്തിയത്. നോർത്ത് കാരശ്ശേരിയിലെ വേ ബ്രിഡ്ജിൽ 50 ടൺ വരെ മാത്രമേ തൂക്കാൻ പറ്റുകയുള്ളൂവെന്നും അളവ് തെറ്റാണെന്നും ലോറി ഉടമകൾ പറഞ്ഞു. എന്നാൽ, 20 കിലോമീറ്റർ അകലെയുള്ള കുന്ദമംഗലത്ത് കൊണ്ടുപോയി ഭാരം അളക്കാമെന്ന് ഉദ്യോഗസ്ഥർ നിലപാടെടുക്കുകയായിരുന്നു.
ഇത്രയും ദൂരം ലോറി കൊണ്ടു പോയി തൂക്കുന്നതിന് വലിയ സാമ്പത്തിക ചെലവ് വരുമെന്നും ക്രഷറുകളിൽ വേ ബ്രിഡ്ജ് സ്ഥാപിക്കാത്തതാണ് അമിത ഭാരം കയറ്റാൻ കാരണമെന്നും ക്രഷറിൽനിന്ന് തരുന്ന തൂക്കത്തിനുള്ള ബില്ല് ക്രഷറിൽ നിന്ന് തരുന്നുണ്ടെന്നും ടിപ്പർ ലോറി ഉടമ പറഞ്ഞു.
കൂടുതൽ ടിപ്പർ ജീവനക്കാരെത്തി പ്രതിഷേധിച്ചതോടെ മോട്ടോർ വാഹന വകുപ്പ്, ജിയോളജി ഉദ്യോഗസ്ഥർ മുക്കം പോലീസിനെ വിവരമറിയിച്ചു. ഇതോടെ പോലീസെത്തി ലോറി സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
ഉദ്യോഗസ്ഥർ പരാതി നൽകിയാൽ പ്രതിഷേധിച്ചവരുടെ പേരിൽ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. അസി. ജിയോളജിസ്റ്റ് രേഷ്മ, എൻഫോഴ്സ്മെന്റ് എം.വി.ഐ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.