Mukkam: Thiruvambady നിയോജക മണ്ഡലം നവ കേരള സദസ്സ് ഞായറാഴ്ച രാവിലെ പതിനൊന്നിന് മുക്കം ഓർഫനേജ് ഒ.എസ്.ഒ. ഓഡിറ്റോറിയത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
പതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തലാണ് തയ്യാറാക്കിയത്. രാവിലെ ഒൻപതിന് കലാ പരിപാടികളോടെ ചടങ്ങ് ആരംഭിക്കും. 10.15-ന് കലാ പരിപാടി അവസാനിക്കും. പത്തരയ്ക്ക് മന്ത്രിമാരുടെ ആദ്യ സംഘം എത്തുന്നതോടെ ചടങ്ങുകൾക്ക് ഔപചാരികമായി തുടക്കമാകും.
പിന്നീട് മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരുമെത്തും. രാവിലെ എട്ടു മണിക്ക് നിവേദനങ്ങൾ സ്വീകരിക്കുന്നതിനുള്ള കൗണ്ടറുകൾ പ്രവർത്തനമാരംഭിക്കും. വയോ ജനങ്ങൾ ഭിന്ന ശേഷിക്കാർ, വനിതകൾ എന്നിവർക്ക് പ്രത്യേക കൗണ്ടറുകൾ ഉൾപ്പെടെ 15 കൗണ്ടറുകളാണ് ഉണ്ടായിരിക്കുക.
കൂടാതെ ഹെൽപ് ഡെസ്കും ഉണ്ടാവും. പൂർണമായും ഗ്രീൻ പ്രോട്ടക്കോൾ പാലിച്ചായിരിക്കും സദസ്സ് നടക്കുക. എൻ.എസ്.എസ്, എൻ.സി.സി, ഹരിത കർമസേന, സിവിൽ ഡിഫൻഡ്സ്, സന്നദ്ധ സംഘടനകൾ ഉൾപ്പെടുന്ന 500 വൊളൻറിയർമാർ പരിപാടി നിയന്ത്രിക്കും. തൃക്കുടമണ്ണ ക്ഷേത്രത്തിലേക്കുള്ള റോഡിൽ വെച്ച് വേദിവരെ മുഖ്യ മന്ത്രിയെയും മന്ത്രിമാരെയും ആനയിക്കും.
ലിന്റോ ജോസഫ് എം.എൽ.എ., ടി. വിശ്വനാഥൻ, വി.കെ. വിനോദ്, മുക്കം മുഹമ്മദ്, പി.ടി. ബാബു, നോഡൽ ഓഫീസർ കെ. വിനയ രാജ്, നഗര സഭാ സെക്രട്ടറി പി.ജെ. ജസിത, കെ. മോഹനൻ, കെ. ഷാജി കുമാർ, ഗോൾഡൻ ബഷീർ, നാസർ ചെറുവാടി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.