Mukkam: കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റു മോർട്ടം നടത്തിയ തോട്ടു മുക്കം സ്വദേശി തോമസിന്‍റെ മരണം ഹൃദയാഘാതം മൂലം തന്നെയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് നവംബർ 20 നാണ് തോമസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തത്.
കഴിഞ്ഞ മാസം നാലിനാണ് തോട്ടുമുക്കം പനംപ്ലാവ് സ്വദേശി തോമസ് മരിച്ചത്. ശരീര വേദനയെ തുടർന്ന് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നെടുത്ത എക്സ് റേയിൽ തോളെല്ലിൽ പൊട്ടലുള്ളതായി കണ്ട് നാലാം തിയതി എല്ല് വിഭാഗം ഡോക്ടറെ കാണാൻ തീരുമാനിച്ചിരുന്നെങ്കിലും പുലർച്ചെ വീട്ടുകാർ വിളിച്ചപ്പോൾ തോമസ് മരിച്ചതായി കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് സുഹൃത്തുക്കളും തോമസുമായി സംഘർഷം ഉണ്ടായിരുന്നുവെന്നും അസ്വാഭാവിക മരണത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അരീക്കോട് പൊലിസിൽ പരാതി നൽകിയതോടെയാണ് സംസ്കരിച്ച മൃതദേഹം നവംബർ 20 പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്.
ആന്തരികാവയവങ്ങൾ രാസ പരിശോധനക്കും അയച്ചിരുന്നു. ഇതിന്റെ ഫലമാണ് പുറത്തു വന്നത്. മരണ കാരണം ഹൃദയാഘാതം തന്നയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നേരത്തെ പ്രാഥമിക പോസ്റ്റ്‌മോർട്ട് റിപ്പോർട്ടിലും മരണ കാരണം ഹൃദയഘാതമെന്ന് വിശദീകരിച്ചിരുന്നു. സുഹൃത്തുകളുമായുള്ള അടി പിടിയെ തുടര്‍ന്നുണ്ടായ പരുക്ക് മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകുമോയെന്ന സംശയം ചിലര്‍ പങ്കു വെച്ചതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.