Kunnamangalam: Mukkam റോഡിൽ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കലുങ്ക് നിർമാണം ഇഴയുന്നു. പണിയുടെ മുന്നോടിയായി റോഡിന്റെ ഇരു വശത്തും ബോർഡ് വെച്ച് ടാർ വീപ്പകൾ നിരത്തിയിട്ടിട്ട് മാസങ്ങളായി.
‘വർക് ഇൻ പ്രോഗ്രസ്’ ബോർഡ് ഇപ്പോഴും ഉണ്ടെങ്കിലും പ്രവൃത്തി നടന്നിട്ട് കാലങ്ങളായെന്ന് നാട്ടുകാർ പറയുന്നു. പഴയ തകർന്ന കലുങ്ക് പുനർ നിർമാണത്തിനുള്ള പണിയാണ് ഇവിടെ നടക്കുന്നത്. സ്ഥിരം അപകട മേഖലയായ ഈ സ്ഥലത്തിനടുത്താണ് തിങ്കളാഴ്ച അപകടത്തിൽ സ്കൂട്ടർ യാത്രികനായ ഷാജി മരണപ്പെട്ടത്.
റോഡിന്റെ ഇരു ഭാഗത്തും ടാർ വീപ്പകൾ വെച്ചതിനാൽ വേഗത്തിൽ വരുന്ന വലിയ വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ റോഡിന്റെ നടുവിലേക്ക് എടുക്കുകയും എതിരെ വരുന്ന ചെറുവാഹനങ്ങൾക്ക് റോഡരികിലേക്ക് മാറ്റാൻ കഴിയാതിരിക്കുകയും ചെയ്യുന്നത് അപകട സാധ്യത കൂട്ടുന്നു. ഇവിടെ റോഡരികിൽ കലുങ്കിന്റെ ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇവിടേക്ക് വാഹനങ്ങളും കാൽ നട യാത്രക്കാരും വീഴാതിരിക്കാൻ ടാർ വീപ്പകൾ നിരത്തി വെച്ചിട്ടുണ്ട്.