Kunnamangalam: ഹജ്ജ് കര്‍മ്മത്തിനായി സൗദി അറേബ്യയിലേക്ക് പോയ കുന്ദമംഗലം സ്വദേശി മക്കയില്‍ അന്തരിച്ചു. കുന്ദമംഗലം ഉണ്ടോടിയില്‍ അന്ത്രുമാന്‍ കോയാമു ആണ് മരിച്ചത്. എഴുപത് വയസായിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് അന്ത്രുമാന്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി പോയത്. ഞായറാഴ്ച രാവിലെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ ഭാര്യ സുബൈദയോടൊപ്പമാണ് അദ്ദേഹം സൗദിയിലേക്ക് പോയത്. ജിദ്ദയില്‍ വിമാനം ഇറങ്ങി ബസ്സില്‍ മക്കയിലെ താമസ സ്ഥലത്ത് എത്തിയ ഉടന്‍ അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ മക്കയിലെ Indian Hajj Mission ക്ലിനിക്കില്‍ എത്തിച്ച് ചികിത്സ നല്‍കി.
ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഹൃദയാഘാതം ഉണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. അസീസിയയിലെ 305-ാം നമ്പര്‍ കെട്ടിടത്തിലായിരുന്നു ഇദ്ദേഹത്തിന്റെ താമസസൗകര്യം ഒരുക്കിയിരുന്നത്. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയവരില്‍ ആദ്യത്തെ മരണമാണിത്. സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയവരില്‍ രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു.