Kozhikode: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ICU വിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പോലീസിൽ നിന്ന് നീതി കിട്ടുന്നില്ലെന്ന് അതിജീവിത.
കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങൾക്കുമായി പോലീസിനെ സമീപിച്ചെങ്കിലും നിഷേധാത്മക സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നാണ് അവരുടെ ആക്ഷേപം. പ്രതിയെ സഹായിക്കാനാണ് പോലീസ് ശ്രമമെന്നും അവർ പറയുന്നു.
ഇക്കാര്യത്തിൽ നടപടിയാവശ്യപ്പെട്ട് ചൊവ്വാഴ്ച സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകും. മറുപടി തൃപ്തികരമല്ലെങ്കിൽ അന്ന് കമ്മിഷണർ ഒാഫീസിനു മുന്നിൽ സമരം തുടങ്ങുമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ പറഞ്ഞു.
പീഡനത്തിനിരയായ ശേഷം വൈദ്യ പരിശോധന നടത്തിയ ഡോക്ടർക്കെതിരേ നൽകിയ പരാതിയിലെ അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്കു നൽകുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടും റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരിക്ക് നൽകുന്നില്ലെന്ന് നൗഷാദ് പറഞ്ഞു. ഇത് പ്രതിയെ സഹായിക്കാനുള്ള പോലീസിന്റെ ഒളിച്ചു കളിയുടെ ഭാഗമാണ്. റിപ്പോർട്ടിന്റെ പകർപ്പ് കിട്ടാത്തതിനാൽ കോടതിയെ സമീപിക്കാനാകുന്നില്ല. നിയമ പ്രശ്നങ്ങളുണ്ടെന്നും സാക്ഷികൾക്ക് വധഭീഷണിയുണ്ടെന്നും പറഞ്ഞാണ് റിപ്പോർട്ട് നൽകാതിരിക്കുന്നതെന്ന് നൗഷാദ് പറഞ്ഞു.