Thamarassery: മലയോര മേഖലയിൽ കാട്ടുപന്നികൾ മനുഷ്യരെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും തുടരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ചട്ടത്തിൻ്റെ ഭാഗമായി ലൈസൻസുള്ള തോക്കുകൾ ജില്ലാ ഭരണകൂടത്തെ ഏൽപിക്കേണ്ടി വരുന്നത് കർഷകരിൽ ആശങ്ക സൃഷ്ടിക്കുന്നു.
അക്രമകാരികളായ കാട്ടുപന്നികളെ നിബന്ധനകൾക്ക് വിധേയമായി വെടിവെച്ചു കൊല്ലാനുള്ള ഹൈക്കോടതി അനുമതിയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിയുണ്ട്. ജില്ലയിലെ വിവിധ മലയോര പഞ്ചായത്തുകളിൽ വനം വകുപ്പുമായി സഹകരിച്ച് ലൈസൻസുള്ള തോക്കുടമകളെ സർക്കാർ അംഗീകൃത ഷൂട്ടർമാരായി നിയമിച്ച് പന്നികളെ കൊല്ലാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് മുന്നോട്ട് പോകുകയാണ്. അതിനിടയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ഭാഗമായി തോക്കുകൾ ജില്ലാ ഭരണകൂടത്തെ ഏൽപിക്കേണ്ടി വരുന്നത് ചുരുങ്ങിയത് അഞ്ച് മാസത്തേക്കെങ്കിലും പന്നികളെ വെടിവെക്കാനുള്ള ഹൈക്കോടതി അനുമതി നടപ്പിലാക്കാൻ കഴിയാതെ വന്നിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ മലയോര ജനതയുടെ ആശങ്കയകറ്റുന്നതിന് വേണ്ടി അംഗീകൃത ഷൂട്ടർമാരുടെ തോക്കുകൾ ജില്ലാ അധികാരികൾക്ക് സറണ്ടർ ചെയ്യുന്നത് ഒഴിവാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ വി സെബാസ്റ്റ്യൻ അധികൃതരോടാവശ്യപ്പെട്ടു.