Wayanad: വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ പൊലീസിൻറെ ലഹരി വേട്ട. 76.44 ഗ്രാം MDMA യുമായി രണ്ട് പേർ പിടിയിലായി. കർണാടകയില്‍ നിന്ന് കേരളത്തിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന MDMA ഡ്രൈവറുടെ സീറ്റിനടിയില്‍ വെച്ചാണ് പ്രതികള്‍ കടത്താൻ ശ്രമിച്ചത്. ഡാൻസാഫ്, ലോക്കല്‍ പൊലീസ് സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടിയത്.
കൊടുവള്ളി സ്വദേശി റഷീദ്, വെങ്ങപ്പള്ളി സ്വദേശി ഷൈജല്‍ എന്നിവരാണ് MDMAയുമായി മുത്തങ്ങയില്‍ പിടിയിലായത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു വയനാട് ഡാൻസാഫ് പൊലീസ് സംഘങ്ങളുടെ നീക്കം. ഡ്രൈവറുടെ സീറ്റിനടിയില്‍ ജാക്കറ്റ് കൊണ്ട് മറച്ച് പ്ലാസിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു ഇവർ MDMA സൂക്ഷിച്ചിരുന്നത്. നേരത്തെ മുതല്‍ ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാത്രി കർണാടകയില്‍ നിന്നെത്തിയ ഇവർ മുത്തങ്ങയില്‍ ചെക്ക് പോസ്റ്റ് തുറക്കുന്ന തിരിക്കിനിടയില്‍ വാഹനവുമായി കടക്കാനാണ് ശ്രമിച്ചത്. കർണാടകയില്‍ നിന്ന് കേരളത്തില്‍ വില്‍പനക്കായാണ് ലഹരി മരുന്ന് പ്രതികള്‍ കടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ലഹരി കടത്താൻ ഉപയോഗിച്ചിരുന്ന ഹോണ്ട മൊബീലിയോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയനാട് അതിർത്തിയില്‍ പരിശോധന ശക്തമായ സാഹചര്യത്തില്‍ ലഹരി സംഘങ്ങള്‍ കടത്തിന് പുതിയ മാർഗങ്ങള്‍ തേടുന്നുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സംശയം. സ്ഥിരം കടത്തുകാർക്ക് പകരം പുതിയ ആളുകളെ ഉപയോഗിച്ചും ലഹരി കടത്ത് തുടരുന്നുണ്ടോയെന്നും അനുമാനമുണ്ട്.
Two men were arrested at Wayanad’s Muthanga check-post with 76.44 grams of MDMA, smuggled from Karnataka for sale in Kerala. The drugs were hidden under the car seat. Acting on a tip-off, police arrested Rasheed and Shaijal, who were already under watch. Authorities believe drug networks may be using new traffickers to bypass intensified border checks. A Honda Mobilio used for the smuggling was also seized.