Delhi: ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ ഓർഡിനൻസ് ഇറക്കി കേന്ദ്രം. സുപ്രീം കോടതിയുടെ വിധിയിലൂടെ ഡൽഹി സർക്കാറിന് ലഭിച്ച അധികാരങ്ങൾ മറികടക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. സ്ഥലം മാറ്റം, വിജിലൻസ്, മറ്റ് ആകസ്മികമായ കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഡൽഹി (Delhi) ലെഫ്റ്റനന്റ് ഗവർണർക്ക് ശുപാർശകൾ നൽകുന്നതിന് നാഷണൽ ക്യാപിറ്റൽ സർവീസ് അതോറിറ്റി രൂപീകരിക്കുന്നതിനാണ് ശ്രമം. ഈ സേവനങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് ശുപാർശകൾ നൽകുകയാണ് സമിതിയുടെ അധികാരം.
Delhi ഗവർണർ ചെയർമാനായ ഈ അതോറിറ്റിയിൽ ചീഫ് സെക്രട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിയും മറ്റ് അംഗങ്ങളാണ്. അതോറിറ്റി തീരുമാനമെടുക്കേണ്ട എല്ലാ വിഷയങ്ങളിലും ഭൂരിപക്ഷം അംഗങ്ങളുടെ വോട്ടുകൾ കണക്കാക്കിയാണ് തീരുമാനങ്ങൾ എടുക്കുക. മുഖ്യമന്ത്രിയെ മറികടന്ന്, കേന്ദ്രം നിയമിക്കുന്ന ഉദ്യോഗസ്ഥർക്ക് തീരുമാനങ്ങളെ നിയന്ത്രിക്കാൻ സാധിക്കും. സമിതിയിൽ അഭിപ്രായവ്യത്യസമുണ്ടായാൽ ലെഫ്റ്റനന്റ് ഗവർണർക്ക് തീരുമാനം എടുക്കാമെന്ന് ഓർഡിനൻസിൽ പറയുന്നു.
ഇതിനിടെ, കേന്ദ്ര ഓർഡിനൻസിനെതിരെ ആം ആദ്മി പാർട്ടി (AAP) രംഗത്തെത്തി. ഡൽഹിയിലെ ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനാണ് തീരുമാനം എടുക്കാൻ അവകാശമെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട് എന്ന് മന്ത്രി അതിഷി മർലെന വ്യക്തമാക്കി. ഭരണഘടന അധികാരം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഭൂമി, ക്രമസമാധാനം, പോലീസ് എന്നിവ ഒഴികെ എല്ലാ തീരുമാനങ്ങൾക്കും അരവിന്ദ് കെജ്‌രിവാളിനാണ് അധികാരം എന്നും അവർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ എല്ലാ തീരുമാനങ്ങളും അംഗീകരിക്കാം എൽജി ബാധ്യസ്ഥനെന്ന് വ്യക്തമാക്കിയ അതിഷി ജനാധിപത്യം വ്യവസ്ഥ ചെയ്യുന്നത് ഇതാണെന്ന് വ്യക്തമാക്കി. സുപ്രീം കോടതി അരവിന്ദ് കെജ്‌രിവാളിന് അധികാരം നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഹിക്കാനായില്ലെന്ന് അതിഷി കൂട്ടിച്ചേർത്തു.