Wayanad:സാധനംവാങ്ങിയ ശേഷം Googlepay വഴി പണം അയച്ചുവെന്ന സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്. അമ്പലവയൽ Mattummal Footware എന്ന സ്ഥാപനത്തിലാണ് ചെരുപ്പു വാങ്ങിയശേഷം തട്ടിപ്പുനടത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പണം അയച്ചിട്ടില്ലെന്ന് കടയുടമ തിരിച്ചറിഞ്ഞത്. പണംകൊടുക്കാതെ മുങ്ങിയയാളുടെ ചിത്രം നിരീക്ഷണക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഇന്നലെയാണ് അമ്പലവയലിലെ Mattummal Footware എന്ന സ്ഥാപനത്തിൽ തട്ടപ്പുനടന്നത്. കടയിലെത്തിയ ഉപഭോക്താവ് ചെരുപ്പുവാങ്ങി. സാധനം പാക്കുചെയ്യുന്നതുവരെ കാത്തുനിന്നു. പണം ക്യൂ ആർ കോഡുവഴി അയക്കാൻ കുറച്ചുനേരം ശ്രമിച്ചു. സാധനം കയ്യിൽ വാങ്ങിയശേഷവും ശ്രമം തുടർന്നു.
കടയിലേക്ക് മറ്റൊരാൾ കയറിവരികയും സെയിൽസ്മാന്റെ ശ്രദ്ധ മാറുകയും ചെയ്ത സമയത്ത് ഫോണിലെ ഒരു സ്ക്രീൻഷോട്ട് കാണിച്ച് പണമയച്ചു എന്നുപറഞ്ഞശേഷം ഇയാൾ പുറത്തേക്കിറങ്ങി. പിന്നീട് പരിശോധിച്ചപ്പോളാണ് പണം അക്കൗണ്ടിൽ കയറിയിട്ടില്ലെന്ന് മനസ്സിലായത്. ഈ സ്ഥാപനത്തിൽ മുമ്പും സമാനമായ രീതിയിൽ തട്ടിപ്പുനടന്നിട്ടുണ്ട്.
കച്ചവടസ്ഥാപനങ്ങളിൽ Online payment സൗകര്യം വ്യാപകമായതോടെ തട്ടിപ്പിന്റെ കഥകളും പുറത്തുവരുന്നുണ്ട്. പണം അക്കൗണ്ടിലെത്തിയെന്ന് അറിയിക്കുന്ന ഉച്ചഭാഷണികൾ ചില കടകളിൽ വെച്ചിട്ടുണ്ട്. ഇതൊന്നുമില്ലാത്ത തിരക്കുളള കടകളിലാണ് തട്ടിപ്പുനടക്കുന്നത്.