Kozhikode: SFI ക്കാര്‍ ക്രിമിനലുകളാണെന്നും മുഖ്യ മന്ത്രിയുടെ അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും വീണ്ടും പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വന്‍ സുരക്ഷാ സന്നാഹത്തോടെ സര്‍വകലാശാലയിലെത്തിയതായിരുന്നു ഗവര്‍ണര്‍.
SFI പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ കുറിച്ച് തനിക്കറിയില്ലെന്നു പറഞ്ഞ ഗവര്‍ണര്‍ കാര്‍ തടയാന്‍ ശ്രമിച്ചാല്‍ പുറത്തിറങ്ങുമെന്നും വ്യക്തമാക്കി. കാര്‍ സര്‍ക്കാരിന്റെ സ്വത്താണെന്നും ഗവര്‍ണര്‍ പറഞ്ഞു.
സര്‍വകലാശാലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന SFI പ്രഖ്യാപിച്ചിരുന്നു. SFI പ്രതിഷേധം തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ പ്രധാന വാതിലിലൂടെ ക്യാംപസിലെ ഗസ്റ്റ് ഹൗസിലെത്തിയത്.
കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഗവര്‍ണര്‍ വൈകിട്ട് 7.15 ഓടെയാണ് ക്യാംപസില്‍ എത്തിയത്. ഗവര്‍ണര്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പേ SFI സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സര്‍വകലാശാലയുടെ ഗേറ്റിനു മുന്നില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ഗവര്‍ണറുടെ സുരക്ഷയ്ക്കായി അറുന്നൂറോളം പോലീസുകാരെയാണ് വിന്യസിച്ചത്.
ഗവര്‍ണറെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച SFI ക്കാര്‍ക്കെതിരേ പോലീസ് ലാത്തി വീശി. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളം മുതല്‍ ക്യാംപസ് വരെ 10 കിലോമീറ്റര്‍ ദൂരത്തിലാണ് സുരക്ഷ ഒരുക്കിയത്. ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു SFI പ്രതിഷേധം പ്രഖ്യാപിച്ചത്. കാലിക്കററ് സെമിനാല്‍ കോംപ്ലക്‌സില്‍ ഡിസംബര്‍ 18ന് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ ശനിയാഴ്ച കോഴിക്കോട്ടെത്തിയത്.