New Delhi: അഞ്ചു വയസ്സിനു മുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകുമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഇതു സംബന്ധിച്ച് അറിയിപ്പ് കഴിഞ്ഞ ദിവസം അധികൃതർ പുറത്തിറക്കി. ആധാറിലെ നിർബന്ധിത ബയോമെട്രിക് പുതുക്കലിനായി കുട്ടികളുടെ ആധാർ എടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് മെസേജ് അയച്ചു വരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
രക്ഷിതാക്കൾക്ക് അവരുടെ കുട്ടിയുടെ വിവരങ്ങൾ ആധാർ സേവാ കേന്ദ്രത്തിലോ അക്ഷയ കേന്ദ്രങ്ങളിലോ എത്തി പുതുക്കാമെന്ന് ഐടി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് ആധാറിൽ ചേരാൻ ഫോട്ടോ, പേര്, ജനനത്തീയതി, വിലാസം, അനുബന്ധ രേഖകൾ എന്നിവ നൽകണം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടിയുടെ കണ്ണ്, വിരൽ എന്നിവയുടെ അടയാളങ്ങൾ ആധാർ എൻറോൾമെന്റിൽ ശേഖരിക്കില്ല.
കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോൾ അവരുടെ ആധാറിൽ കണ്ണ്, വിരലടയാളം, ഫോട്ടോ എന്നിവ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. അഞ്ച് വയസ്സിനും ഏഴു വയസ്സിനും ഇടയിൽ ഇത് സൗജന്യമായി ചെയ്യാം. എന്നാൽ ഏഴു വയസ്സിന് ശേഷം, 100 രൂപ ഫീസ് നൽകണം. ഏഴു വയസ്സിന് ശേഷവും ആധാർ അപ്ഡേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ആധാർ നമ്പർ നിർജ്ജീവമാക്കും.
UIDAI has warned that Aadhaar cards issued before age five will become invalid if not updated with biometric data after the child turns seven. Parents are urged to update Aadhaar at official centres. The update is free until age seven but will cost ₹100 afterward. Failure to update will lead to deactivation of the Aadhaar number.