Omassery: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ഒട്ടു മിക്ക റോഡുകളും കീറിയിട്ടതോടെ യാത്ര ദുരിതപൂർണം. പ്രവൃത്തി പൂർത്തീകരിച്ചാലും പദ്ധതിക്കായി കീറിയ റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അധികൃതരോട് പരാതിപ്പെട്ടാൽ പാറപ്പൊടി റോഡിലിട്ട് താൽക്കാലിക പരിഹാരം മാത്രമാണ് ചെയ്യുന്നത്. ഇതാവട്ടെ മഴയത്ത് ഒലിച്ചു പോവുകയും ചെയ്യുന്നു. മഴയില്ലെങ്കിൽ പൊടി ശല്യവും രൂക്ഷമാക്കുന്നു.
പഞ്ചായത്തിലെ പ്രാദേശിക റോഡുകൾ എത്രയും പെട്ടെന്ന് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധ സൂചകമായി നൂലങ്ങൽ റോഡ് നാട്ടുകാരുടെ നേതൃത്വത്തിൽ മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കി. പ്രശ്ന പരിഹാരമായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സ്റ്റാർ വാലി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പ്രതിഷേധ പരിപാടിക്ക് ഇബ്രാഹിം പയവൂർ, എം.പി.അഹമ്മദ് കുട്ടി, എം.വി.സലാം, വമ്പൻ തടത്തിൽ, എം.പി.നാസർ, എം.വി.ഗഫൂർ, പി.അമീർഖാൻ എന്നിവർ നേതൃത്വം നൽകി