Thamarassery: ജോബി ആന്‍ഡ്രൂസ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി റാലിയും അനുസ്മരണവും സംഘടിപ്പിച്ചു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോരങ്ങാട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച റാലിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.
തുടര്‍ന്ന് താമരശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ച റാലി എസ്എഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ. നിതീഷ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. കാലത്തെയും പ്രളയ കോലാഹലങ്ങളെയും മറികടക്കുന്ന ഉജ്വലമായ പോരാട്ടത്തിന്റെ ഓര്‍മ്മയാണ് ജോബിയെന്ന് നിതീഷ് നാരായണന്‍ പറഞ്ഞു. ജോബിയെ കൊലപ്പെടുത്തിയവര്‍ കരുതിയത് ആ കല്ലേറില്‍ ജോബിയുടെ ആശയം തകര്‍ന്നുപോകുമെന്നായിരുന്നു. എന്നാല്‍ 32 വര്‍ഷത്തിന് ശേഷവും ആയിരക്കണക്കിന് മനുഷ്യരെ ആവേശം കൊള്ളിക്കുന്ന ഓര്‍മ്മയായിട്ടും ഊര്‍ജമായിട്ടും രാഷ്ട്രീയ കരുത്തായിട്ടും ജോബി ആന്‍ഡ്രൂസ് ഇവിടെ ബാക്കിയാവുകയാണെന്ന് ജോബിയുടെ കൊലപാതകത്തിനുത്തരവാദികളായ വലതുപക്ഷ ഗുണ്ടാപട മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ വി അനുരാഗ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജാന്‍വി കെ സത്യന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സാദിഖ്, അഭിഷ പ്രഭാകര്‍, കെ മിഥുന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി പി സി ആദിഷ് സ്വാഗതവും പ്രസിഡന്റ് നബീല്‍ നന്ദിയും പറഞ്ഞു.