Kondotty: Karipur International Airport Runway വികസന പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നിലവിലുള്ള റൺവേയോട് ചേർന്ന് രണ്ടറ്റത്തും മണ്ണിട്ട് ഉയർത്തി റിസ നിർമിക്കുന്നതിനായാണ് റൺവേ നീളം കൂട്ടുന്നത്. റൺവേയുടെ രണ്ടറ്റത്തുമായി റിസ 90 മീറ്ററിൽനിന്ന് 250 മീറ്റർ നീളം കൂട്ടുന്നതിനാണ് റൺവേ നീളം കൂട്ടുന്നത്. നെടിയിരുപ്പ്, പള്ളിക്കൽ വില്ലേജുകളിൽ നിന്നായി 12.5 ഏക്കർ ഭൂമിയാണ് ഇതിനു വേണ്ടി ഏറ്റെടുത്തത്.
ഒരാഴ്‌ച മുമ്പാണ് വികസന പ്രവൃത്തികളുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. തുടർന്ന് രാപ്പകലില്ലാതെ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം തന്നെ നൂറിലധികം ടോറസ് ലോറികളിലായി മണ്ണ് എത്തിക്കുന്നുണ്ട്. എത്തിക്കുന്ന മണ്ണ് നികത്തുന്നതിനായി ഒന്നിലധികം കൂറ്റൻ റോളറുകൾ പ്രവൃത്തിക്കുന്നുണ്ട് . റൺവേ നീളം കൂട്ടുന്നതിന് 35 ലക്ഷത്തിലധികം ക്യുബിക് മണ്ണാണ് ആവശ്യം. മണ്ണെടുക്കുന്നതിന് കൊണ്ടോട്ടി താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിലായി 75 സ്ഥലങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
ഒരു വർഷത്തിനകം വികസന പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനാണ് കരാർ ഏറ്റെടുത്ത ഗുജറാത്ത് ആസ്ഥാനമായ ഗവാർ കമ്പനി ലക്ഷ്യമിടുന്നത്. കരിപ്പൂരിലുണ്ടായ വിമാനാപകടത്തിനെ തുടർന്ന് റൺവേ നീളം കൂട്ടിയല്ലാതെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകിയില്ലെന്ന കേന്ദ്ര വ്യോമയാന വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് സർക്കാർ ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയത്. 85 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ ചെലവഴിച്ചത്.