Koduvally: കാത്തിരിപ്പിന് വിരാമം. കൊടുവള്ളി റെയിൽവേ മേൽപ്പാലം തുറക്കുന്നു. തലശേരി–അഞ്ചരക്കണ്ടി റോഡിലെ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ 12ന് ഉദ്ഘാടനം ചെയ്യും. ദേശീയപാതയിലടക്കം കുരുക്ക് തീർത്ത കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. സാങ്കേതിക കുരുക്കും, സ്ഥലമെടുപ്പിലെ തടസ്സവും റെയിൽവേയുടെ മെല്ലേപോക്കും അതിജീവിച്ചാണ് മേൽപ്പാലം സാക്ഷാത്കരിച്ചത്. തലശേരിക്കടുത്ത കൊടുവള്ളിയിലെ 230–ാം നമ്പർ ലെവൽ ക്രോസിനുകുറുകെ പഴയ ബാങ്ക് കെട്ടിടത്തിന് സമീപത്തുനിന്ന് ഇല്ലിക്കുന്നുവരെയാണ് മേൽപ്പാലം.
കൊടുവള്ളിയിൽനിന്ന് 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപ്പാതയായി 36.37കോടി രൂപ ചെലവിലാണ് നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന് മാത്രമായി. 123.6 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. കിഫ്‌ബി ധനസഹായത്തോടെ സംസ്ഥാനത്ത് നിർമിക്കുന്ന പത്ത് മേൽപ്പാലങ്ങളിലൊന്നാണിത്. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ് നിർമാണം. ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ് വഹിച്ചത്. ലെവൽക്രോസില്ലാത്ത കേരളം പദ്ധതിയിലാണ് കൊടുവള്ളി മേൽപ്പാലത്തിന്റെയും നിർമാണം. സ്‌റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്‌ട്രെക്‌ചർ പാലം നിർമാണ പ്രവൃത്തി 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം ചെയ്‌തത്. സ്റ്റീൽ സ്ട്രെക്ചറിൽ മലബാറിൽ നിർമിക്കുന്ന ആദ്യറെയിൽവേ മേൽപ്പാലമാണിത്. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്‌റ്റീലും സ്ലാബ് കോൺക്രീറ്റുമാണ്. സ്ഥലമേറ്റെടുക്കലിന് തുടക്കംമുതൽ പലവിധ തടസങ്ങളായിരുന്നു. കോടതിയിലും ഹർജിയെത്തി. എൽഡിഎഫ് അധികാരത്തിൽ വന്നശേഷമാണ് സ്ഥലമെടുപ്പ് വേഗത്തിലായത്. മെച്ചപ്പെട്ട നഷ്‌ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. സംഘാടക സമിതി രൂപീകരണം ഇന്ന്കൊടുവള്ളി റെയിൽവേ മേൽപ്പാലം ഉദ്ഘാടന സംഘാടകസമിതി രൂപീകരണ യോഗം തിങ്കളാഴ്ച ചേരും. വടക്കുമ്പാട് സർവീസ്സഹകരണ ബാങ്ക് കൊടുവള്ളി ശാഖ ഹാളിൽ വൈകിട്ട് അഞ്ചിനാണ് യോഗം. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകും.
The long-delayed Koduvally railway flyover will be inaugurated on the 12th by CM Pinarayi Vijayan, bringing relief to commuters affected by the level crossing bottleneck. The ₹36.37 crore project, jointly funded by the state and Indian Railways, features Malabar’s first steel-concrete composite railway flyover. The structure spans 314 meters and is part of the “Kerala Without Level Crossings” initiative. Construction overcame several land acquisition and legal challenges.