Kozhikode: ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിയായ 13കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നെന്ന് സ്ഥിരീകരണം.
കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്‍റെയും ധന്യയുടെയും മകൾ ദക്ഷിണ (13) ആണ് ജൂൺ 12ന് മരിച്ചത്. പരിശോധനഫലം വന്നപ്പോഴാണ് കുട്ടിക്ക് അപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നെന്ന് കണ്ടെത്തിയത്.
തലവേദനയും ഛർദിയും കാരണമാണ് ദക്ഷിണ ചികിത്സ തേടിയത്. ആദ്യം കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സ്കൂളിൽ നിന്ന് കുട്ടി മൂന്നാറിലേക്ക് വിനോദയാത്ര പോയിരുന്നു. ഇവിടെ നിന്ന് പൂളിൽ കുളിച്ചതാകാം രോഗബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സാധാരണഗതിയിൽ രോഗകാരിയായ അമീബ ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ച് ദിവസം കൊണ്ട് ലക്ഷണങ്ങൾ പ്രകടിപ്പിക്കേണ്ടതാണ്. എന്നാൽ, ജനുവരി 28ന് വിനോദയാത്ര പോയ കുട്ടിക്ക് മേയ് എട്ടിനാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
കഴിഞ്ഞ മാസം മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചുവയസ്സുകാരി ഫദ്‌വ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കടലുണ്ടിപുഴയുടെ മൂന്നിയൂർ കളിയാട്ടമുക്ക് കാര്യാട് കടവ് ഭാഗത്തെ വെള്ളം കെട്ടിനിൽക്കുന്ന കുഴിയിൽ കുളിച്ച ബാലികക്ക് ഇവിടെനിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം.
ഒഴുക്കില്ലാത്ത ജലാശയത്തിലാണ് സാധാരണ മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന അമീബ കാണപ്പെടുന്നത്. വെള്ളത്തിൽ നിന്ന് മൂക്കിലൂടെയാണ് ഇത് മനുഷ്യന്റെ ശരീരത്തിലെത്തുക. തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ മസ്തിഷ്‍കാഘാതത്തിന് അമീബ ഇടയാക്കുന്നു. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ സാധ്യത കുറവാണ്.