Kozhikode: കനത്ത മഴയില്‍ കൂറ്റൻ പാറക്കല്ല് അടര്‍ന്ന് വീണ് അപകടം. അപകടത്തില്‍ വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കല്ലാനോട് ആണ് ശക്തമായ മഴയില്‍ കൂറ്റൻ പാറക്കല്ല് പതിച്ചത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ എഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ഉഗ്ര ശബ്ദത്തോടെയാണ് പാറക്കല്ല് വീടുകൾക്ക് സമീപത്തേക്ക് പതിച്ചത്. സ്ഥലത്ത് പാറക്കല്ല് അടര്‍ന്നു വീഴാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നും സംശയിക്കുന്നുണ്ട്. നേരത്തെ മലയിടിച്ചിലും വിള്ളലും ഉണ്ടായ പ്രദേശമാണിത്.
ഇന്നലെ രാത്രിയാണ് പാറക്കല്ല് താഴേക്ക് പതിച്ചത്. വീട്ടുകാര്‍ ഉറങ്ങുന്നതിനിടെ ഉഗ്ര ശബ്ദം കേട്ടെങ്കിലും എന്താണ് സംഭവമെന്ന് മനസിലായിരുന്നില്ല. പിന്നീട് ഇന്ന് രാവിലെയാണ് പാറക്കല്ല് അടര്‍ന്നുവീണതായി മനസിലായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ സ്ഥലത്ത് മഴ പെയ്യുന്നില്ല. എന്നാല്‍, വീണ്ടും ശക്തമായ മഴയുണ്ടായാല്‍ പാറക്കല്ല് താഴേക്ക് പതിക്കാൻ സാധ്യത നിലനില്‍ക്കുന്നുണ്ട്.