Kozhikode: നിപ നിയന്ത്രണങ്ങൾക്കൊപ്പം കനത്ത മഴയും പെയ്തതോടെ ജില്ലയിലെ തെരുവുകളിലും കച്ചവട കേന്ദ്രങ്ങളിലും ആളൊഴിഞ്ഞു. വ്യാപന ഭീതി നില നിൽക്കുന്നതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് മാസ്‌ക് ധരിച്ചും കരുതലുകൾ സ്വീകരിച്ചുമാണ് ജനം പുറത്തിറങ്ങുന്നത്.
മിഠായി തെരുവിലും മാനാഞ്ചിറയിലും ബീച്ചിലും പാളയം മാർക്കറ്റിലും തിരക്ക് നന്നേ കുറഞ്ഞു. പെട്രോൾ ബങ്കുകൾ, മത്സ്യ- മാംസ കടകൾ എന്നിവിടങ്ങളിൽ ആളുകൾ കുറവായിരുന്നു. കുറ്റ്യാടി, വടകര ഭാഗങ്ങളിലേക്കുള്ള ബസുകളിലും യാത്രക്കാർ കുറഞ്ഞു. നഗരത്തിലെ സ്ഥിരം തിരക്ക് അനുഭവപ്പെട്ടിരുന്ന ഹോട്ടലുകളിലും ഇന്നലെ സീറ്റുകൾ കാലിയായിരുന്നു. പഴം, പച്ചക്കറി വ്യാപരികളെയും നിപ സാരമായി ബാധിച്ചു. ഓറഞ്ച്, ആപ്പിൾ, റംബൂട്ടാൻ തുടങ്ങിയവയുടെ വിൽപ്പന വലിയ തോതിൽ കുറഞ്ഞു. വിറ്റു പോവാത്തതിനാൽ സംഭരിച്ച പഴങ്ങൾ ചീഞ്ഞു പോവുന്ന സ്ഥിതിയാണ്. ഇതുമൂലം വലിയ നഷ്ടമാണ് ഉണ്ടാവുന്നതെന്ന് വ്യാപാരികൾ പറയുന്നു.
നിപ വ്യാപനം ഏറിയതോടെ കൊവിഡ് കാലത്തേതു പോലെ മാസ്‌കുകൾക്കും സാനിറ്റൈസറുകൾക്കും ആവശ്യക്കാർ കൂടുകയാണ്. മിക്ക മെഡിക്കൽ ഷോപ്പുകളിലും സ്റ്റോക്ക് ചെയ്തിരുന്ന മാസ്‌കുകൾ തീർന്നു. ഔദ്യോഗിക നിർദ്ദേശങ്ങൾ വന്നതോടെ മാസ്‌കിന് ആവശ്യം ഏറുകയായിരുന്നു. നിയന്ത്രണമുണ്ടെങ്കിലും മാസ്‌ക് ധരിക്കാതെ എത്തുന്നവരും കുറവല്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ മറ്റ് ജില്ലകളിൽ നിന്നുള്ള വിദ്യർത്ഥികൾ ഇന്നലെ നാട്ടിലേക്ക് മടങ്ങി. റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും. വിദ്യാർത്ഥികളുടെ തിരക്കായിരുന്നു. കഴിഞ്ഞ ദിവസം വരെ തിരക്കേറിയ സ്ഥലങ്ങളായിരുന്നു തിയറ്ററുകളും സൂപ്പർ മാർക്കറ്റുകളും. എന്നാൽ ഇന്നലെ അത് പകുതിയായി കുറഞ്ഞു. ആളുകളുടെ വരവ് കുറഞ്ഞതോടെ തിയറ്ററുകളിൽ ഷോകളുടെ എണ്ണം കുറച്ചിട്ടുണ്ട്. കൂടുതൽ കളക്ഷൻ ലഭിക്കേണ്ട വാരാന്ത്യ സമയങ്ങളിൽ തിരക്ക് കുറയുന്നത് വലിയ തിരിച്ചടിയാണ്.