Kozhikode: വയോധികരായ സഹോദരിമാരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരാണ് മരിച്ചത്. തടമ്പാട്ടുതാഴത്ത് ഉള്ള വാടക വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 67 ഉം 71 വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്.
രണ്ട് സഹോദരിമാരും സഹോദരനുമാണ് മൂന്ന് വര്‍ഷത്തോളമായി ഇവിടെ താമസിച്ചിരുന്നത്. സഹോദരനെ കാണാതായിട്ടുണ്ട്. ഇന്ന് രാവിലെ ഇളയസഹോദരനാണ് ബന്ധുവിനെ വിളിച്ച് സഹോദരി ശ്രീജയ മരിച്ചവിവരം അറിയിക്കുന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സഹോദരന്‍ പ്രമോദി വിളിക്കുന്നത്. തുടര്‍ന്ന് ബന്ധു, വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് രണ്ടു സഹോദരിമാരേയും രണ്ടു മുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരുടെയും മൃതദേഹം പുതപ്പിച്ച നിലയിലായിരുന്നു. ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രമോദിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചു നോക്കിയപ്പോള്‍ അവസാനമായി ഫറോക്കിലാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ലോട്ടറിക്കച്ചവടം നടത്തുന്നയാളാണ് പ്രമോദ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും.
Two elderly sisters, Sreeya (67) and Pushpa (71), were found dead in their Kozhikode rental home, with their bodies wrapped in blankets. Their brother, Pramod, is missing, and police are searching for him. The sisters had health problems, and Pramod’s phone was last traced to Feroke. An investigation is underway.