Kozhikode: പറമ്പിൽ ബസാറിൽ വീട് കുത്തി തുറന്ന് 25 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. പന്തീരങ്കാവ് പാറക്കുളം സ്വദേശി അഖിൽ ആണ് പിടിയിലായത്. മല്ലിശ്ശേരി താഴം മധുവിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണം മോഷണം പോയ കേസിലാണ് ഇയാൾ പിടിയിലായത്. ഇന്നലെ കക്കോടിയിൽ മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ സ്കൂട്ടർ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് മോഷ്ടിച്ച മറ്റൊരു ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പ്രതി പിടിയിലായത്.
വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. വീട്ടുകാർ സ്ഥലത്തില്ലെന്ന് മനസ്സിലാക്കി രാത്രി 10 മണിയോടെയാണ് പ്രതി മോഷണം നടത്തിയത്. ആശുപത്രി ആവശ്യത്തിന് പോയ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. വീടിന്റെ മതിലിന് അപ്പുറമുള്ള ഇടവഴിയിലൂടെ ഒരാള്‍ നടന്നു പോകുന്നതും വീട്ടുവളപ്പിലേക്ക് പ്രവേശിക്കുന്നതും CCTV ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ടെറസിൽ കയറി മുകൾഭാഗത്തെ വാതിൽ തുറന്ന് അകത്തു കയറിയാണ് മോഷണം നടത്തിയത്.
14 ഇടങ്ങളിലായി മോഷണം നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് എസിപി ഉമേഷ്. എ അറിയിച്ചു. കക്കോടി, കാക്കൂർ എന്നിങ്ങനെ പല ഇടങ്ങളിലും പ്രതി മോഷണം നടത്തി. കക്കോടിയിൽ വെച്ച് ഉപേക്ഷിച്ച നിലയിൽ പ്രതിയുടെ സ്കൂട്ടർ കിട്ടിയിട്ടുണ്ട്. ഇതിൽ വ്യാജ നമ്പര്‍ പ്ലേറ്റാണ് ഉണ്ടായിരുന്നത്. പാറക്കുളം ഭാഗത്ത് നിന്നും ബൈക്കിൽ വരുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. എലത്തൂർ ഭാഗത്ത് മോഷണം പോയ വണ്ടിയായിരുന്നു ഇത്. വീട് പൂട്ടി പോകുമ്പോൾ വിലപിടിപ്പുള്ള വസ്തുകൾ സൂക്ഷിക്കണമെന്നും പോലീസ് ആപ്പിൽ അറിയിക്കണമെന്നും അധികൃതര്‍ നിർദ്ദേശിച്ചു.
A man named Akhil from Pantheerankavu, Kozhikode, has been arrested for stealing 25 sovereigns of gold ornaments from a locked house in Parambil Bazaar. The theft occurred when the family was away, and CCTV footage showed the suspect entering through the terrace. Akhil, who confessed to 14 thefts in different areas, was caught while trying to flee on a stolen bike after abandoning another scooter with a fake number plate. Police have advised residents to secure valuables and use the police app to report risks when leaving homes locked.