Kozhikode: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃ മാതാവും അറസ്റ്റില്‍. മരണപ്പെട്ട ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബിന്റെ മാതാവ് തണ്ടാര്‍കണ്ടി നബീസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇവരെ കോഴിക്കോട്ടെ ലോഡ്ജില്‍ നിന്നാണ് പിടി കൂടിയത്. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി.
ഷബ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മറ്റു പ്രതികളായ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃ സഹോദരി, ഭര്‍തൃ പിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഹബീബിന്റെ അമ്മാവന്‍ ഹനീഫയുടെ ജാമ്യാപേക്ഷയും കോടതി വ്യാഴാഴ്ച പരിഗണിക്കുന്നുണ്ട്. ഷബ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫയും ഭര്‍തൃ മാതാവ് നബീസയുമാണ് ഇതു വരെ അറസ്റ്റിലായവര്‍. ഹനീഫ ഷബ്‌നയെ മര്‍ദിച്ചതിന്റെ CCTV ദൃശ്യങ്ങളടക്കം ബന്ധുക്കള്‍ നേരത്തെ പുറത്തു വിട്ടിരുന്നു.
കുന്നുമ്മക്കര തട്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷബ്‌ന(30)യെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഭര്‍ത്തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്.
മരിക്കുന്നതിന് കുറച്ചു മുമ്പ് ഭര്‍ത്താവിന്റെ അമ്മാവനായ ഹനീഫ ഷബ്‌നയെ മര്‍ദിച്ചിരുന്നെന്നും അതിനു ശേഷം മുറിക്കുള്ളില്‍പ്പോയ ഷബ്‌ന പുറത്തു വരാതിരുന്നിട്ടും വീട്ടുകാര്‍ തിരിഞ്ഞു നോക്കിയില്ലെന്നുമാണ് ബന്ധുക്കളുടെ പരാതി. മാത്രമല്ല, ഭര്‍ത്താവിന്റെ മാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഷബ്‌ന വീടു മാറാന്‍ തീരുമാനിക്കുകയും വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ പേരിലാണ് കഴിഞ്ഞ തിങ്കളാഴ്ച തര്‍ക്കം നടന്നത്. ഭര്‍ത്താവിന്റെ മാതാവും പിതാവും സഹോദരിയും മാതാവിന്റെ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു.
സംസാരിക്കുന്നതിനിടെ മാതാവിന്റെ സഹോദരനായ ഹനീഫ കൈയോങ്ങിക്കൊണ്ട് ഷബ്‌നയ്ക്ക് നേരേ പോകുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. ഇതിനു പിന്നാലെയാണ് ഷബ്‌ന മുറിയില്‍ കയറി വാതിലടച്ചത്. അകത്തു നിന്ന് ശബ്ദം കേട്ടപ്പോള്‍ പത്തു വയസ്സുകാരി മകള്‍ ഇക്കാര്യം ബന്ധുക്കളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ആരും വാതില്‍ തുറക്കാന്‍ ശ്രമിച്ചില്ല. വീട്ടില്‍ എന്തോ പ്രശ്നമുണ്ടെന്ന് ഷബ്‌നയുടെ ഭര്‍ത്താവ് വിദേശത്തു നിന്ന് വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അരൂരില്‍ നിന്ന് കുന്നുമ്മക്കരയില്‍ എത്തിയ ശേഷമാണ് വാതില്‍ ചവിട്ടി തുറന്നത്. അപ്പോഴേക്കും ഷബ്‌ന മരിച്ചിരുന്നു.