Thamarassery: ഇന്ന് ഉച്ചക്ക് വയനാട് ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന KSRTC ബസ്സിൽ കൈതപ്പൊയിലിൽ നിന്നും കയറിയ ഭിന്നശേഷിക്കാരനായ കുട്ടിയെയാണ് കണ്ടക്ടർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്, സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതുകൊണ്ടാണ് കണ്ടക്ടർ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
വീട്ടുകാരുടെ ഫോൺ നമ്പർ പോലും കൃത്യമായിട്ട് അറിയാത്ത കുട്ടി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.
സ്റ്റേഷനിൽ വെച്ച് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകിയ ശേഷം വിവരങ്ങൾ ചോദിച്ചറിഞ്ഞതിൽ നിന്നും വീട് പെരിന്തൽമണ്ണ അമ്മിണിക്കാട് മലയിൽ എന്നാണെന്ന് ഏതാണ്ട് വ്യക്തമായി. കൈതപ്പൊയിലിലെ സ്ഥാപനത്തിൽ പഠിക്കുകയാണെന്നും സൂചന കിട്ടി.
തുടർന്ന് നടത്തിയ പരിശ്രമങ്ങൾക്ക് ഒടുവിൽ വീട്ടുകാരുമായി ബന്ധപ്പെടുകയും, പഠിക്കുന്ന സ്ഥാപന അധികൃതർ പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു.
കൈതപ്പൊയിലിൽ പ്രവർത്തിക്കുന്ന Avilon എന്ന സ്ഥാപന അധികൃതർക്ക് പോലീസ് കുട്ടിയെ കൈമാറി, ബന്ധുകളുമായി പോലീസ് ആശയ വിനിമയം നടത്തിയ ശേഷമായിരുന്നു കൈമാറൽ, വീട്ടുകാർ കൈതപ്പൊയിലിലേക്ക് എത്തിച്ചേരുമെന്നാണ് അറിയിച്ചത്.
ഇതിനിടെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പോലീസിനെ കൊണ്ട് സാധിക്കുന്ന രൂപത്തിലുള്ള എല്ലാ വിധ പരിചരണവും കുട്ടിക്ക് നൽകുകയും, ചായയും, ഊണുമടക്കം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു.