Kunnamangalam: റോഡിൽ ഗതാഗതം തടസപ്പെടുത്തി വിദ്യാർത്ഥികൾ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ടുപേരെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി മാനിപുരം സ്വദേശി പട്ടിണിക്കര വീട്ടിൽ ജംഷാദ് (21), നെല്ലാങ്കണ്ടി ആവിലോറ സ്വദേശി പടുപാലത്തിങ്ങൽ വീട്ടിൽ സിനാൻ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോളജിന് മുൻവശം ഗേറ്റിന് സമീപം ആക്രമിച്ചെന്ന എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. വിദ്യാർത്ഥിയെ കൂട്ടമായി കൈകൊണ്ടും താക്കോൽ കൊണ്ടും മറ്റ് ആയുധങ്ങൾ കൊണ്ടും തലക്കും മുഖത്തും കഴുത്തിനും കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പൂർവ വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ഇതിൽ രണ്ടുപേരെയാണ് ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ എസ്ഐ നിധിൻ, വിജേഷ് പുല്ലാളൂർ എന്നിവരടങ്ങുന്ന അന്വേഷണസംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ റോഡ് തടസ്സപ്പെടുത്തിയതിനും ആക്രമണത്തിനും നൂറോളം പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടാണ് കുന്ദമംഗലം- മുക്കം റോഡിൽ കളൻതോട് അങ്ങാടിയിൽ സംഘർഷമുണ്ടായത്. സംഘട്ടനത്തെ തുടർന്ന് ഏറെനേരം ഈ റൂട്ടിൽ ഗതാഗതം തടസം നേരിട്ടിരുന്നു. പൊലീസ് ലാത്തി വീശിയതോടെയാണ് വിദ്യാർത്ഥികൾ പിരിഞ്ഞത്.
In Kunnamangalam, police arrested two individuals linked to a violent student clash that blocked traffic. The attack, involving former students, resulted in serious injuries to a current student. Attempt-to-murder charges have been filed against ten people, and police plan to charge around 100 for traffic obstruction and violence. The incident occurred near MES College and was brought under control after police intervention.