Malappuram: മലപ്പുറത്തെ കുട്ടികൾ എന്താ വാട്ടർപ്രൂഫാണോ? മലപ്പുറത്ത് പെരും മഴയാണല്ലോ…സാറ് മലപ്പുറം ജില്ലയിൽ ഇല്ലേ? കോഴിക്കോട് ഒക്കെ അവധി ആണ്. ബോർഡറിലെങ്കിലും പ്രഖ്യാപിക്കാൻ പറ്റുമോ? നിങ്ങൾ മലപ്പുറത്തെ കുട്ടികളെ വെല്ലുവിളിക്കുകയാണോ കലക്ടറേ? സർ, അങ്ങ് കാണാത്തത് ആണോ അതോ കണ്ടില്ല എന്ന് നടിക്കുന്നത് ആണോ? കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തെങ്കിലും ലീവ് അനുവദിക്കണം. മഴ ഒക്കെ അവസാനിച്ചു ശനിയാഴ്ച ക്ലാസ് വെച്ചാലും കുഴപ്പം ഇല്ല. വല്ലതും സംഭവിച്ചിട്ടല്ല സർ മുൻകരുതൽ എടുക്കേണ്ടത്. സംഭവിക്കുന്നതിനു മുമ്പാണ്. അത് എങ്ങനെ വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല, എല്ലാം കഴിഞ്ഞിട്ടാണല്ലോ നമ്മുടെ അധികാരികൾക്ക് ബോധം വരുക… കനത്ത മഴ പെയ്തിട്ടും ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാത്തതിൽ രോഷം പൂണ്ട കുട്ടികൾ ജില്ല കലക്ടർക്ക് അയച്ച മെസേജുകളാണിതൊക്കെ.
കുട്ടികൾ നല്ല ദേഷ്യത്തിൽ ആണ് സർ, ഉച്ച വരെ എങ്കിലും അവധി പ്രഖ്യാപിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട്.നല്ല മഴയാണ് സർ. സ്കൂളിൽ പോകാൻ നല്ല ബുദ്ധിമുട്ടാണ്. ഇപ്പോഴും മഴ പെയ്യുന്നുണ്ട്. പൊന്നാനിയിൽ കടലാക്രമണമാണ്. സ്കൂളിൽ പോകാൻ പേടിയാവുന്നു സർ. നിലമ്പൂർ ഭാഗത്ത് നല്ല മഴ ആണ് ലീവ് വേണം, സ്കൂൾ കൊറച്ചു ‘ലോങ്’ ആണ്. മഴയത്ത് ബസിൽ കേറി പോവാൻ വല്യ രസം ഒന്നും ഇല്ലാ സർ. കരുവാരക്കുണ്ട് ഒടുക്കത്തെ മഴയാണ്. മണ്ണിടിച്ചിലും ആണ് നാളെ ലീവ് തരാൻ പറ്റോ?
കുട്ടികൾ മലപ്പുറം കലക്ടറുടെ ഫേസ്ബുക് പേജിൽ കേറി നിരന്തരം ചോദിച്ചുകൊണ്ടിരുന്നു.
മൂന്നു ദിവസമായി നല്ല മഴ പെയ്തതതോടെയാണ് കുട്ടികൾ റിക്വസ്റ്റായും പ്രതിഷേധമായും രോഷമായും കമന്റുകളിട്ടത്. മെസഞ്ചറിലും ഇൻസ്റ്റയിലുമെല്ലാം കുട്ടികൾ വരുന്നുണ്ടെന്ന് കലക്ടർ വി.ആർ. വിനോദ് പറഞ്ഞു. റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോഴേ സാധാരണ നിലയിൽ അവധി പ്രഖ്യാപിക്കാനാവൂ.