Kozhikode: ഏറെ വിവാദമായ ഹര്‍ഷീനകേസില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം നാളെ. പോലീസ് റിപ്പോര്‍ട്ട് അനുകൂലമായിട്ടും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ഷീന ഡി.എം.ഒ ഓഫീസിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തുടര്‍ന്നാണ് ഡി.എം.ഒ ഡോ.കെ.കെ.രാജാറാം എട്ടിന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുമെന്നും തുടര്‍ന്ന് റിപ്പോര്‍ട്ട് പോലീസിനും സര്‍ക്കാരിനും സമര്‍പ്പിക്കുമെന്ന് പറഞ്ഞത്.
Medical College എ.സി കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഹര്‍ഷീനയുടെ വയറ്റില്‍ കുടങ്ങിയ കത്രിക (ആര്‍ട്ടറി ഫോര്‍സെപ്‌സ്) മെഡിക്കല്‍ കോളേജിലേതാണെന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും സംഭവിച്ചത് കുറ്റകരമായ വീഴ്ചയാണെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. രണ്ട് ഡോക്ടര്‍മാരടക്കം നാലുപേരാണ് ശസ്ത്രക്രിയ സമയത്തുണ്ടായിരുന്നത്. റിപ്പോര്‍ട്ട് ഡി.എം.ഒയ്ക്ക് കൈമാറിയെങ്കിലും മെഡിക്കല്‍ബോര്‍ഡ് ചേരുന്നത് വൈകിയതിനാലാണ് ഹര്‍ഷീനയും സമരസമിതിയും കഴിഞ്ഞ ദിവസം ഡി.എം.ഒ ഓഫീസിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
ജില്ലയില്‍ മെഡിക്കല്‍ കോളജിലൊഴികെ റേഡിയോളജിസ്റ്റില്ലാത്ത സാഹചര്യത്തിലാണ് മെഡിക്കല്‍ബോര്‍ഡ് യോഗം ചേരുന്നത് വൈകുന്നതെന്നായിരുന്നു അന്ന് ഡി.എം.ഒയുടെ വിശദീകരണം. റേഡിയോളജിസ്റ്റിന്റെ സാന്നിധ്യത്തിലാവും ഇന്നത്തെ മെഡിക്കല്‍ ബോര്‍ഡ് യോഗം.
ഡി.എം.ഒ, അന്വേഷണ ഉദ്യോഗസ്ഥന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവരാണ് ബോര്‍ഡിലുള്ളത്. ഇന്നത്തെ ബോര്‍ഡ് യോഗം നിര്‍ണായകമാണ്. ബോര്‍ഡ് നല്‍കുന്ന റിപ്പോര്‍ട്ടാവും ഹര്‍ഷീനയുടെ കാര്യത്തില്‍ സുപ്രധാനമായി മാറുക.