Mukkam: മുക്കത്ത് നാലു കിലോമീറ്ററോളം സ്വകാര് യബസിനെ പുന്തുടർന്നെത്തി ഡ്രൈവറെ മർദ്ദിച്ചു. തോട്ടുമുക്കം സ്വദേശി നിഖിലിനെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം മർദ്ദിച്ചത്. അതിനിടെ, ബസിന്റെ താക്കോൽ അക്രമികൾ തട്ടിയെടുത്തതിനെ തുടർന്ന് യാത്രക്കാർ വഴിയിൽ കുടുങ്ങി.
വൈകിട്ട് നാലേ മുക്കാലോടെയാണ് സിനിമാ സ്റ്റൈൽ സംഭവം. തോട്ടുമുക്കത്ത് നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന റോബിൻ ബസിനെ ചുണ്ടത്തും പൊയിൽ മുതലേ കാറിലെത്തിയ സംഘം പിന്തുടരുന്നുണ്ടായിരുന്നു. 4 കിലോമീറ്റർ പിന്നിട്ട ശേഷം മുക്കം അരീക്കോട് റോഡിൽ കല്ലായിയിൽ വെച്ച് ബസിനെ തടഞ്ഞ് നിർത്തിയ ഇവർ ഡ്രൈവറെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. വാഹനത്തിന്റെ സൈഡ് മിറർ അടിച്ച് തകർത്ത അക്രമികൾ ബസിന്റെ താക്കോൽ തട്ടിയെടുക്കുകയും ചെയ്തു. ഡ്രൈവർ പനമ്പിലാവ് തോട്ടുമുക്കം സ്വദേശി നിഖിലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇയാൾ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബസിന്റെ സൈഡ് മിറർ അടിച്ച് തകർക്കുന്നതിനിടെ അക്രമികളിലൊരാൾക്ക് കയ്യിൽ ചില്ല് കൊണ്ട് മുറിവേറ്റു. അയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേ സമയം വാഹനത്തിന്റെ താക്കോൽ അക്രമികൾ ഊരിക്കൊണ്ട് പോയതോടെ ബസ് പെരുവഴിയിലായി. യാത്രക്കാർ വഴിയിലും കുടുങ്ങി. പിന്നീട് ഒന്നരമണിക്കൂറോളം വഴിയിൽ കിടന്ന ബസ് അരീക്കോട് പൊലീസെത്തി മാറ്റുകയായിരുന്നു. ഈ മേഖലയിൽ സ്വകാര്യ ബസ്സുകളും മറ്റു വാഹനങ്ങളുമായുള്ള സംഘർഷം തുടർക്കഥയാണ്. മുൻ വൈരാഗ്യമാണ് ഈ അതിക്രമത്തിന് പിന്നിലെന്നാണ് നിഗമനം.