Omassery: വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പരിസ്ഥിതി ആഘാത പഠന പദ്ധതി ആരംഭിച്ചു. Omassery പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ പരിസര പ്രദേശങ്ങളിൽ ഖനനം മൂലം വന്നു ചേർന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തുകയാണവർ.
ഖനനത്തിനു മുമ്പ് ഉണ്ടായിരുന്ന ചുറ്റുപാടുകളല്ല ഇപ്പോഴുള്ളത്. സമീപ പ്രദേശങ്ങളിലെ വീടുകൾക്ക് വിള്ളലുകൾ വീണിരിക്കുന്നതായും പല തരം പക്ഷികൾ, ജീവി വർഗ്ഗങ്ങൾ, ചെറു സസ്യങ്ങൾ, മണ്ണിന്റെ ഫലപുഷ്ടി എന്നിവ ഇല്ലാതായിരിക്കുന്നതായും സമീപ വാസികളുമായി നടത്തിയ അഭിമുഖത്തിലൂടെ കുട്ടികൾ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം ഖനന പ്രവർത്തനങ്ങൾ മനുഷ്യർക്കും മറ്റു ജീവ ജാലങ്ങൾക്കും ദോഷകരമല്ലാത്ത രീതിയിൽ നടപ്പിലാക്കാൻ ആവശ്യമായ ഇടപെടലുകളുണ്ടാകണമെന്ന് ആവശ്യപ്പെട്ട് നല്ല പാഠം, സ്കൗട്ട്, ഗൈഡ്സ് എന്നീ ക്ലബ്ബുകൾ സഹകരിച്ച് നൂറിലേറെ വിദ്യാർത്ഥികൾ ഒപ്പിട്ട നിവേദനം Omassery പഞ്ചായത്ത് ഭരണ സമിതിക്ക് സമർപ്പിച്ചു.
പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി കുട്ടികളിൽ നിന്ന് നിവേദനം സ്വീകരിച്ചു. നല്ല പാഠം കോ ഓർഡിനേറ്റർ സിമി ഗർവ്വാസിസ്, സിബില മാത്യൂസ്, മേരി ഷൈല, ആരതി പ്രദീപ്, നിദ ഫാത്തിമ, ഷംന റിസ് വാന, ഫാത്വിമ ലുബാബ, വി.എം.അബിൻ, ആദിത്ത്, അഫ് ലഹ്, ശ്രീഹരി, എം.കെ.അഭിനവ്, അജയ് രാജ് തുടങ്ങിയവർ സംസാരിച്ചു.