Thamarassery: മയക്കുമരുന്ന് ലഹരിയിൽ ഫുട്ബോൾ കളിക്കളത്തിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പൂനൂർ ഉണ്ണികുളം പുളത്ത്കണ്ടി സുമീഷ്, പെരിങ്ങളം വയൽ കക്കാട്ടുമ്മൽ മനാഫ് എന്നിവരെയാണ് പോലീസ് പിടികൂടിയത്
താമരശ്ശേരിക്ക് സമീപം പെരുമ്പള്ളി ഫുട്ബോൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുമ്പോൾ കത്തി വീശുകയും, അശ്ശീലം വിളിച്ചു പറയുകയും ചെയ്ത രണ്ടുപേരെയാണ് നാട്ടുകാരുടെ സഹായത്തോടെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്.കുട്ടികൾ കളിക്കുന്ന ഗ്രൗണ്ടിൽ അതിക്രമിച്ചു കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ഇവരുടെ കൈവശം ചെറിയ കത്തി ഉണ്ടായിരുന്നതായും കുട്ടികൾക്ക് നേരെ കത്തി വീശിയതായും നാട്ടുകാർ പറഞ്ഞു.ബൈക്കിൽ വരുമ്പോൾ ഗ്രൗണ്ടിന് സമീപം മറിഞ്ഞ് വീഴുകയും പല തവണ ശ്രമിച്ചിട്ടും വാഹനത്തിൽ തിരികെ കയറാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നത് കണ്ട് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ ചിരിച്ചതാണ് ആക്രമത്തിന് കാരണം.
ഇവരുടെ മർദ്ദനത്തിൽ പരുക്കേറ്റ രണ്ടു കുട്ടികളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളുകൾ ഓടിക്കൂടിയതിനെ തുടർന്ന് സ്ഥലത്തു നിന്നും രക്ഷപ്പെട്ട ഇവർ പിന്നീട് വീണ്ടും എത്തുകയും മുതിർന്നവർ കളിക്കുന്ന അവസരത്തിൽ കളി തടസ്സപ്പെടുത്തി വീണ്ടും ഗ്രൗണ്ടിൽ ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസിന് നേരെയും ഭീഷണി മുഴക്കുകയും, പോലീസ് വാഹനത്തിന് കേടുപാടു വരുത്തുകയും ചെയ്തിതിട്ടുണ്ട്.