Thiruvananthapuram: ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദൻ്റെ പ്രായം. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്.
തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്. 1923ൽ പുന്നപ്രയിലെ വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്ച്യുതാനന്ദന്റെ ജനനം. ദുരിതപൂർണ്ണമായ ബാല്യമായിരുന്നു വിഎസ് അച്യുതാനന്ദന്റേത്. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും വസൂരി ബാധിച്ച് അച്ഛനും അമ്മയും വിഎസിന് നഷ്ടമായി. പിന്നീട് സഹോദരിയുടെയും മറ്റ് ബന്ധുക്കളുടെയും തണലിലായിരുന്നു ജീവിതം. ജീവിത ദുരിതങ്ങളെ തുടർന്ന് വി എസിന് ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. പിന്നീട് സഹോദരൻ്റെ ജൗളിക്കടയിൽ സഹായായി. ജൗളിക്കടയിൽ സഹായായി. ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായി ചേരുന്നതോടെയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുന്നത്. 17ാം വയസ്സിൽ അന്ന് നിരോധിക്കപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. അന്ന് കയർ
ഫാക്ടറി തൊഴിലാളിയായിരുന്ന വി എസ് അച്യുതാനന്ദൻ പി കൃഷ്ണപിള്ള, ആർ സുഗതൻ, സി ഉണ്ണിരാജ എന്നിവരുടെ പാർട്ടി ക്ലാസുകളിൽ പങ്കെടുത്തതോടെ തിരുവിതാംകൂറിലെ തൊഴിലാളി സമരങ്ങളുടെ ഭാഗമായി മാറി. കുട്ടനാട്ടെ പാടശേഖരങ്ങളിൽ കർഷകരുടെ അവകാശപോരാട്ടങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായപ്പോൾ കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ വിഎസ് നേതൃപരമായി ഇടപെടൽ നടത്തിയിരുന്നു. പിന്നീട് പുന്നപ്രയിലും വയലാറിലും നടന്ന തൊഴിലാളി സമരങ്ങളിലും വിഎസ് നേതൃപരമായി ഇടപെട്ടിരുന്നു. പുന്നപ്ര വയലാർ സമരത്തെ തുടർന്ന് കസ്റ്റഡിയിലായ വിഎസ് നേരിട്ടത് കൊടിയ പൊലീസ് മർദനമായിരുന്നു
ഐക്യകേരള രൂപീകരണത്തിന് മുൻപ് 1952ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷണൽ സെക്രട്ടറിയായി വിഎസ് നിയോഗിതനായി. 1956ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. 1959ൽ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1964ൽ സിപിഐയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന 32 നേതാക്കൾ പുതിയ പാർട്ടി രൂപീകരിച്ചതോടെ സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായി വിഎസ് മാറി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന വിഎസ് അച്യുതാനന്ദൻ 1985ൽ പൊളിറ്റ്ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1992വരെ ഒരു വ്യാഴവട്ടക്കാലം സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്നു.
1965ൽ വിഎസ് അച്യുതാനന്ദൻ ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും അമ്പലപ്പുഴയിൽ പരാജയപ്പെട്ടു. പിന്നീട് 1967 ലും, 1970ലും അമ്പലപ്പുഴയിൽ നിന്ന് വിജയിച്ചെങ്കിലും 1977 ൽ വീണ്ടും അച്യുതാനന്ദനെ അമ്പലപ്പുഴ കൈവിട്ടു. പിന്നീട് 1991ലായിരുന്നു വി എസ് തിരഞ്ഞെടുപ്പ് രംഗത്തേയ്ക്ക് വരുന്നത്. അന്ന് മാരാരിക്കുളത്ത് നിന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിഎസ് മത്സരിച്ചത്. 1991ൽ രാജീവ് ഗാന്ധിയുടെ ആകസ്മിക മരണം തുടർഭരണം പ്രതീക്ഷിച്ചിരുന്ന ഇടതുമുന്നണിക്ക് തിരിച്ചടിയായി. മാരാരിക്കുളത്ത് നിന്നും വിജയിച്ച വിഎസ് അച്യുതാനന്ദൻ പിന്നീട് 1992ൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ൽ ഇടതുമുന്നണി അധികാരത്തിൽ വന്നെങ്കിലും മാരാരിക്കുളത്ത് വി എസ് അച്യുതാനന്ദൻ പരാജയപ്പെട്ടു.
സിപിഐഎം വിഭാഗീയതയുടെ തുടർച്ചയായിരുന്നു വി എസ് അച്യുതാനന്ദന്റെ പരാജയം. പിന്നീട് 2001ൽ മലമ്പുഴയിൽ നിന്ന് വിഎസ് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അന്ന് യുഡിഎഫ് സർക്കാരാണ് അധികാരത്തിൽ വന്നത്. അതോടെ വിഎസ് വീണ്ടും പ്രതിപക്ഷ നേതാവായി. 2006ൽ മലമ്പുഴയിൽ നിന്നും വിജയിച്ച് വിഎസ് ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയായി. പിന്നീട് 2011ൽ വീണ്ടും മലമ്പുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വിരലിലെണ്ണാവുന്ന സീറ്റുകളുടെ കുറവിൽ ഇടതുമുന്നണിക്ക് തുടർഭരണം നഷ്ടമായി. വിഎസ് അച്യുതാനന്ദൻ വീണ്ടും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 2016ൽ വിഎസ് വീണ്ടും മലമ്പുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിണറായി വിജയനെ സിപിഐഎം പൊളിറ്റ്ബ്യൂറോ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിയോഗിക്കുകയായിരുന്നു
സിപിഐഎം സംസ്ഥാന സെക്രട്ടറിയായും, പൊളിറ്റ് ബ്യുറോ അംഗമായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും നിറഞ്ഞു നിന്ന വിഎസ് പാർട്ടിക്കുള്ളിൽ നടത്തിയ ഉൾപാർട്ടി സമരങ്ങളുടെ കൂടി പേരിലാണ് ശ്രദ്ധേയനാകുന്നത്. വ്യത്യസ്ത നിലപാടുകളുടെ പേരിൽ പലതവണ പാർട്ടി അച്ചടക്ക നടപടിയ്ക്ക് വി എസ് വിധേയനായിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ എം വി രാഘവൻ ബദൽരേഖയുമായി രംഗത്ത് വന്നപ്പോഴും പിന്നീട് എം വി രാഘവൻ സിപിഐഎമ്മിനെ വെല്ലുവിളിച്ച് പാർട്ടി വിട്ടപ്പോഴും ഔദ്യോഗിക നിലപാടിനൊപ്പം പാർട്ടിയെ ഉറപ്പിച്ച് നിർത്തിയത് വിഎസിന്റെ തന്ത്രപരമായ ഇടപെടലുകളായിരുന്നു.
പ്രധാനപ്പെട്ട പലനേതാക്കളും പാർട്ടി വിട്ടപ്പോഴും സിപിഐഎമ്മിനെ കരുത്തോടെ നയിക്കാൻ ഈ ഘട്ടത്തിൽ വിഎസിന് സാധിച്ചിരുന്നു. പിന്നീട് 1992ലെ കോഴിക്കോട് സമ്മേളനത്തിൽ ഇ കെ നായനാർ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ച് വി എസിനെ പരാജയപ്പെടുത്തിയത് സിപിഐഎമ്മിലെ വിഭാഗീയതയുടെ തുടക്കമായിരുന്നു. പിന്നീട് നടന്ന രണ്ട് സമ്മേളനങ്ങളിൽ വി എസ് തനിക്കെതിരായ പക്ഷത്തിന്റെ ചിറകരിഞ്ഞു. ഇതിന്റെ പേരിലും വിഎസിന് പാർട്ടിയുടെ താക്കീത് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പിന്നീട് വിഎസിന്റെ പിന്തുണയോടെ പാർട്ടി സെക്രട്ടറിയായി പിണറായി വിജയൻ വന്നതോടെയാണ് സിപിഐഎമ്മിനെ ഒന്നര പതിറ്റാണ്ടോളം പിന്തുടർന്ന മറ്റൊരു വിഭാഗീയ കാലത്തിന് തുടക്കമാകുന്നത്. പാർട്ടിയിലെ നയവ്യതിയാനമെന്ന നിലപാടുയർത്തി വി എസ് നടത്തിയ പോരാട്ടങ്ങൾ സിപിഐഎമ്മിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സംഘർഷഭരിതമായ ഉൾപ്പാർട്ടി സമരങ്ങളുടെ കാലമായിരുന്നു. പൊളിറ്റ്ബ്യൂറോ അംഗങ്ങളായിരുന്ന വി എസ് അച്യുതാനന്ദനും പിണറായി വിജയനും നേരിട്ട് വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്ന നിലയിലേയ്ക്ക് പോലും ആ വിഭാഗീയത വളർന്നിരുന്നു.
2004ലെ മലപ്പുറം സമ്മേളനത്തിൽ വിഭാഗീയത അതിന്റെ കൊടുമുടിയിൽ എത്തിയിരുന്നു. പാർട്ടി പിടിക്കാൻ മലപ്പുറത്ത് വിഎസ് പക്ഷം നടത്തിയ നീക്കം പക്ഷെ ഔദ്യോഗിക പക്ഷം വെട്ടിനിരത്തി. എന്നാൽ അതുകൊണ്ടൊന്നും പിന്നോട്ട് പോകാൻ വിഎസ് തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയായിരിക്കെ വി എസ് വീണ്ടും അച്ചടക്ക നടപടിക്ക് വിധേയനായി. പാർട്ടി പോളിറ്റ്ബ്യൂറോയിൽ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി മാറ്റി നിർത്തപ്പെട്ട വിഎസിന് പിന്നീട് പി ബിയിലേയ്ക്ക് തിരിച്ചെത്താൻ സാധിച്ചില്ല. പലഘട്ടങ്ങളിലും പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ വന്നിരുന്നെങ്കിലും ഉൾപാർട്ടി സമരങ്ങൾ പാർട്ടിയെ തകർക്കുന്ന നിലയിലേയ്ക്ക് പോകാതെ പോരാടിയ വിഎസിനെപ്പോലെ മറ്റൊരാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലില്ല.
Veteran CPI(M) leader and former Kerala Chief Minister V.S. Achuthanandan has passed away at the age of 101. Known for his deep commitment to communist ideology and worker struggles, his political life spanned over eight decades. Rising from poverty and hardship, V.S. became a key figure in Kerala’s labor and peasant movements and was among the founding leaders of CPI(M). He served in various roles, including Opposition Leader, State Secretary, Politburo Member, and Chief Minister (2006–2011). He was also known for his internal party fights and reformist stands, often clashing with CPI(M)’s central leadership. His death marks the end of a powerful era in Kerala’s leftist politics.