Ramanattukara: നഗരമധ്യത്തിലെ ജൂവലറിയുടെ ഭിത്തിതുരന്ന് അകത്തുകയറി കവര്‍ച്ചയ്ക്കുശ്രമിച്ച ആള്‍ പിടിയില്‍. മധ്യപ്രദേശ് രേവ ജില്ലയിലെ പടി പഞ്ചായത്ത് ദിയോരിയില്‍ നേക്മണി സിങ് പട്ടേല്‍ (27) ആണ് പിടിയിലായത്. ദിവസങ്ങള്‍ക്കുമുമ്പ് രാമനാട്ടുകരയില്‍ ഹിറ്റാച്ചി ഓപ്പറേറ്ററായി എത്തിയതാണ് ഇയാള്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ‘ദുബായ് ഗോള്‍ഡ്’ ജൂവലറിയുടെ പടിഞ്ഞാറുവശത്തുള്ള ചുമര് ഒരുമീറ്റര്‍ ഉയരത്തിലും അരമീറ്റര്‍ വീതിയിലുമാണ് തുരന്നത്. അകത്തുണ്ടായിരുന്ന പ്ലൈവുഡ്ഷീറ്റില്‍ ഒരാള്‍ക്ക് കഷ്ടിച്ചുകടക്കാനാവുംവിധം ദ്വാരംകൂടിയുണ്ടാക്കിയിരുന്നു.
റിസപ്ഷനോടുചേര്‍ന്നുള്ള കാഷ് കൗണ്ടറിലേക്കാണ് മോഷ്ടാവ് തുരന്നുകയറിയത്. ഇവിടെ സൂക്ഷിച്ചിരുന്ന മറ്റുമുറികളിലേക്കുള്ള ചാവിയെടുത്ത് മുകള്‍ഭാഗത്തേക്ക് കയറി. തുടര്‍ന്ന്, അക്കൗണ്ട്സ് റൂമില്‍ കയറി സി.സി.ടി.വി ഡി.വി.ആറുകള്‍ വലിച്ചുപൊട്ടിച്ച് താഴെയെത്തിച്ചു. ക്യാമറകള്‍ തിരിച്ചുവെച്ചു. പുലര്‍ച്ചെ മൂന്നരയോടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമില്‍ കയറാനുള്ള ശ്രമം നടത്തവേ അലാറം മുഴങ്ങുകയായിരുന്നു. ഇതോടെ ജൂവലറിയുടെ മുന്‍വശത്തായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ വിവരമറിഞ്ഞു. ഇയാള്‍ സമീപത്തുതാമസിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരെയും ഉടമയെയും വിവരമറിയിച്ചു. ജീവനക്കാരെത്തി പരിശോധിക്കുന്നതിനിടെ, അകത്തുകയറിയ വഴിയിലൂടെ മോഷ്ടാവ് പുറത്തുകടന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ ജൂവലറിയിലും ഇയാള്‍ താമസിച്ചിരുന്ന വീട്ടിലും എത്തിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തി.
വെള്ളിയാഭരണങ്ങള്‍ എടുക്കാനായി ചാക്കില്‍ സൂക്ഷിച്ചിരുന്നെങ്കിലും മോഷ്ടാവിന് അതെടുക്കാനായില്ലെന്നും ഷോറൂമിലെ സുരക്ഷാസംവിധാനങ്ങള്‍ ശക്തമായതിനാല്‍ വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ലെന്നും പോലീസ് പറഞ്ഞു.
കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണര്‍ അനുജ് പലിവാള്‍, ഫറോക്ക് അസി. കമ്മിഷണര്‍ സാജു കെ. എബ്രഹാം, സബ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.എസ്. അനൂപ്, പി.സി. സുജിത്ത്, സി. സുജിത്ത്, കെ. ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.














