Balussery: ചോരക്കളമായിരുന്ന കരുമല വളവിൽ ഇനി അപകടം കുറയും. വളവിലെ അപകടം കുറയ്ക്കുന്നതിനും അമിത വേഗത നിയന്ത്രിക്കുന്നതിനുമായി സ്പീഡ് ബ്രേക്കർ സ്ഥാപിച്ചതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്. കരുമല അങ്ങാടിയിലും
വളവിലും ഇൻഡസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന് സമീപത്തുമാണ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 23 വലിയ അപകടങ്ങളും നിരവധി ചെറിയ അപകടങ്ങളുമാണ് ഈ വളവിൽ ഉണ്ടായത്. ഈ അപകടങ്ങളിലായി മൂന്നുപേർ മരിക്കുകയും നിരവധി പേർ പരിക്ക് പറ്റി ഗുരുതരാവസ്ഥയിലുമാണ്. രണ്ട് വളവുകൾ അടുത്തടുത്തുള്ളതും മറുഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്തതും വാഹനങ്ങളുടെ അമിത വേഗതയുമാണ് അപകടങ്ങൾ കൂടാൻ കാരണം.
ഓരോ അപകടം സംഭവിക്കുമ്പോഴും ഇവിടെ സ്പീഡ് ബ്രേക്കർ, സ്റ്റോപ്പ് ഡിവൈഡർ, സിഗ്നൽ ലൈറ്റ് എന്നിവ സ്ഥാപിക്കണമെന്ന് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും വ്യക്തികളും നിരവധി പരാതികൾ മന്ത്രിമാർക്കും ബന്ധപ്പെട്ട മേധാവികൾക്കും അയച്ചിരുന്നു. സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നതിനാൽ ഒരു പരിധിവരെ അപകടം കുറയ്ക്കാമെങ്കിലും ഇവയ്ക്ക് ശാശ്വതമായ പരിഹാരം കാണാൻ കരുമലയിലെ രണ്ട് വളവുകളും എത്രയും നിവർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതും സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കേണ്ടതും അത്യാവശ്യമാണെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.