ജ്വല്ലറി കവർച്ച
പ്രതി പിടിയിൽ….
Thamarassery, കാരാടിയിലെ സിയാ ഗോൾഡ് വർക്സ് എന്ന ജ്വല്ലറിയിൽ നിന്നും അരകിലോ വെള്ളി ആഭരണങ്ങൾ കവർച്ച നടത്തിയ പ്രതിയെ കോഴിക്കോട് റൂറൽ എസ്.പി ഡോ. അർവിന്ദ് സുകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ബാലുശ്ശേരി അവിടനല്ലൂർ താന്നികോത്ത് മീത്തൽ സതീശനെ(37)യാണ് ഇന്നലെ രാത്രി റൂറൽ എസ്.പി യുടെ കീഴിലുള്ള പ്രത്യേക സംഘം താമരശ്ശേരി ചുങ്കത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
പാർലിമെന്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസം ജൂൺ നാലിനു രാത്രിയാണ് താമരശ്ശേരി പുതിയ ബസ്സ്റ്റാൻഡിനു സമീപമുള്ള സിയാ ഗോൾഡ് വർക്സിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് ഗ്ലാസ് ഡോർ കമ്പി ഉപയോഗിച്ച് തുറന്ന് പ്രതി അലമാരയിൽ സൂക്ഷിച്ച അര കിലോയോളം വരുന്ന വെള്ളി ആഭരണങ്ങൾ കവർച്ച നടത്തിയത്.
ലോക്കർ തകർക്കാൻ പറ്റാത്തതിനാൽ അതിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നില്ല.
നിരവധി മോഷണകേസുകളിലെ പ്രതിയാണ് സതീശൻ. മുൻകൂട്ടി കണ്ട് വെച്ച ജ്വല്ലറി പരിസരത്ത് സംഭവദിവസം രാത്രി ഒൻപതു മണിയോടെ എത്തിയ പ്രതി രാത്രി ആളൊഴിയുന്നത് വരെ സമീപത്തുള്ള കെട്ടിടത്തിൽ ഒളിച്ചിരുന്ന ശേഷം പുലർച്ചെ ഒരു മണിയോടെ കവർച്ച നടത്തുകയായിരുന്നു. വീണ്ടും അടുത്തുള്ള കെട്ടിടത്തിൽ കിടന്നുറങ്ങിയ ശേഷം രാവിലെയാണ് ഇയാൾ സ്ഥലത്തു നിന്നും കടന്നത്.
ബാലുശ്ശേരി, കുറ്റ്യാടി, തൊട്ടിൽ പാലം,മേപ്പയൂർ, കൊയിലാണ്ടി സ്റ്റേഷനുകളിലായി നിരവധി വ്യാപാരസ്ഥാപനങ്ങളിലും അമ്പലങ്ങളിലും,പള്ളികളിലും കളവ് നടത്തിയതിന് പല തവണ ഇയാൾ ജയിലിൽ കഴിഞ്ഞതാണ്.
2021-ജനുവരി നാലിനു താമരശ്ശേരി പഴയ ബസ് സ്റ്റാന്റിന് അടുത്തുള്ള പൊന്നിനം ജ്വല്ലറിയുടെ ഷട്ടർ തകർത്തു 15-പവനും അറുപത്തയ്യായിരം രൂപയും മോഷണം നടത്തിയതും,
ഈ വർഷം മെയ്, ജൂൺ മാസങ്ങളിൽ ഉണ്ണികുളം, കൂട്ടാലിട,ബാലുശ്ശേരി നന്ദീശ്വരം ക്ഷേത്രം, നരിക്കുനി ചെമ്പകുന്ന് തിരുവോത്ത് പൊയിൽ ഭദ്രകാളി ക്ഷേത്രം,, എരവന്നൂർ തറവട്ടത്ത് ഭഗവതി ക്ഷേത്രം,,പുല്ലാളൂർ മേൽകുളങ്ങര ക്ഷേത്രം എന്നീ അമ്പലങ്ങളിലെ ഭണ്ടാരങ്ങൾ തകർത്ത് മോഷണം നടത്തിയതായും ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.ആരാധനാലയങ്ങളിൽ നിന്നും കവർച്ച നടത്തി കിട്ടുന്ന നാണയങ്ങൾ അന്ന് തന്നെ ബസ് ജീവനക്കാർക്ക് നൽകി നോട്ടുകൾ വാങ്ങുന്നത് ഇയാളുടെ പതിവാണ്.
കവർച്ച നടത്തി കിട്ടുന്ന
പണം ഉപയോഗിച്ച് മദ്യപിച്ചു കറങ്ങി നടക്കുന്നതാണ് ഇയാളുടെ രീതി.
താമരശ്ശേരി ഡി.വൈ.എസ് പി. എം പി വിനോദിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ കെ.ഒ.പ്രദീപ്,,സ്പെഷ്യൽ സ്ക്വാഡ് സബ്ബ് ഇൻസ്പെക്ടർമാരായ രാജീവ് ബാബു,, ബിജു പൂക്കോട്ട്,, സീനിയർ സി.പി.ഒ മാരായ ജയരാജൻ പനങ്ങാട്,, ജിനീഷ് ബാലുശ്ശേരി,,താമരശ്ശേരി എസ്.ഐ സജേഷ.സി.ജോസ്,,എ.എസ്.ഐ.ഷാജ്മോഹൻ.വി.സി.,, ഫിംഗർ പ്രിൻ്റ് എക്സ്പേർട്ട് കെ.രഞ്ജിത്ത്,,സൈബർസെൽ അംഗങ്ങളായ എ. എസ്.ഐ കെ.ശ്രീജിത്ത്,
സീനിയർ സി.പി.ഒ. അമൃത. ജി
എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.