Thamarassery: അഖില ഭാരത അയ്യപ്പ സേവാ സംഘം Thamarassery ശാഖ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 68 -ാമത് അയ്യപ്പൻ വിളക്ക് ഉത്സവം ഡിസംബർ 16ന് ശനിയാഴ്ച വിവിധ പരിപാടികളോടെ നടക്കും.
വിളക്കു ഉത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീധരൻ മേലെപ്പാത്ത്, അയ്യപ്പ സേവാ സംഘം പ്രസിഡൻറ് ഗിരീഷ് തേവള്ളി, സെക്രട്ടറി ഷിജിത്ത് .കെ. പി, ജനറൽ കൺവീനർ സുധീഷ് ശ്രീകല എന്നിവർ അറിയിച്ചു.
ഡിസംബർ 14 ന് വൈകുന്നേരം 6 മണിക്ക് അയ്യപ്പ ഭജന മഠത്തിൽ പൂജാ ദ്രവ്യ സമർപ്പണം നടക്കും. ഉത്സവത്തിന് ആവശ്യമായ പൂജാ ദ്രവ്യങ്ങൾ ചടങ്ങിൽ ഭക്ത ജനങ്ങൾ സമർപ്പിക്കും.
ഡിസംബർ 15ന് വൈകുന്നേരം 4 മണിക്ക് വിളക്കുത്സവം നടക്കുന്ന കോട്ടയിൽ ക്ഷേത്ര പരിസരത്ത് താൽക്കാലിക ക്ഷേത്ര നിർമാണത്തിന്റെ കാൽനാട്ട് കർമ്മം നടക്കും. ഡിസംബർ 16ന് രാവിലെ ഗണപതി ഹോമം, ചെണ്ട മേളം, താഴികക്കുടം സമർപ്പിക്കൽ, ഉച്ച പൂജ ഭണ്ഡാരം എഴുന്നള്ളിപ്പ് എന്നിവ നടക്കും. ഉച്ചയ്ക്ക് കോട്ടയിൽ ക്ഷേത്രത്തിനു സമീപത്തെ ആനന്ദ കുടീരം മഠത്തിൽ വച്ച് പ്രസാദ ഊട്ട് ഉണ്ടാകും.
വൈകുന്നേരം 4 മണിക്ക് കോട്ടയിൽ ക്ഷേത്ര പരിസരത്തു നിന്ന് ഭജന മഠത്തിലേക്ക് പാലക്കൊമ്പ് എഴുന്നള്ളിപ്പിനുള്ള ഉടുക്കു പാട്ടോടു കൂടിയുള്ള പുറപ്പാട്.
കെട്ടിയാട്ടത്തിന് തലയാട് സുധാകരൻ സ്വാമിയും സംഘവും നേതൃത്വം നൽകും
വൈകുന്നേരം 6 മണിക്ക് ഭജന മഠത്തിൽ നിന്നും ഗജവീരന്റെയും, വാദ്യ മേളങ്ങളുടെയും, താലപ്പൊലിയോടും കൂടിയുള്ള പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും.
എഴുന്നള്ളിപ്പ് കെടവൂർ റോഡ്, ചാലപ്പറ്റ ക്ഷേത്രം, കാരാടി, താമരശ്ശേരി ടൗൺ, കോവിലകം റോഡ്, ചുങ്കം വഴി കോട്ടയിൽ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.
കോട്ടയിൽ ക്ഷേത്ര പരിസരത്ത് വൈകുന്നേരം 7 മണി മുതൽ സി.ജി.സുമേഷിന്റെ നേതൃത്വത്തിൽ ഭജനയും, കരോക്കെ ഭക്തി ഗാന മേളയും അരങ്ങേറും.
രാത്രി അയ്യപ്പ പൂജ, പൊലിപ്പാട്ട്, ആഴി പൂജ, പാൽ കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം ,തിരി ഉഴിച്ചിൽ, വെട്ടും തടവും , ഗുരുതി സമർപ്പണം എന്നിവയും ഉണ്ടാകും.