Thamarassery: ഇരുതുള്ളിപ്പുഴ മലിനമയാമെന്ന് വ്യാപക പരാതി. ഇരുതുള്ളി പുഴയിൽ കൂടത്തായി, അമ്പലമുക്ക്, ചുടല മുക്ക്, അണ്ടോണ, കരിങ്ങമണ്ണ ഭാഗങ്ങളിലെ വെള്ളത്തിലാണ് അസഹനീയമായ ദുർഗന്ധം ഉയർന്നത്. അറവ് മാലിന്യത്തിന് സമാനമായ മണമാണ് പുഴവെള്ളത്തിനുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി പുഴവെള്ളത്തിന് അസഹനീയമായ ദുർഗന്ധമുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
താമരശ്ശേരി ടൗണിലേക്കും അയ്യായിരത്തോളം കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുന്നതിനുള്ള ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ജലനിധി പദ്ധതിയുടെ കിണറും പമ്പ് ഹൗസും നിലനിൽക്കുന്ന ഭാഗങ്ങളിലെ പുഴവെള്ളത്തിനാണ് ദുർഗന്ധം ഉയർന്നത്. ഇത് നാട്ടുകാർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് പുഴവെള്ളം മലിനമായിരിക്കുന്നത്. അമ്പായത്തോട് പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് മാലിന്യം പുഴയിലേക്ക് തള്ളുന്നതായി നാട്ടുകാർക്ക് സംശയമുണ്ട്. സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ചും പുഴ വെള്ളത്തിൽ മാലിന്യം കലർന്നതിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അണ്ടോണ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും താമരശ്ശേരി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് സി.വി ബാപ്പു അധികൃതർക്ക് കത്ത് കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സുബൈർ വെഴുപ്പൂർ കൂടെയുണ്ടായിരുന്നു.
ചിത്രം: ഇരുതുള്ളി പുഴയിലെ ദുർഗന്ധം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അണ്ടോണ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് സി.വി ബാപ്പു താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുന്നു.