Kalpetta: Thamarassery ചുരത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാക്കുന്ന ‘അഴിയാകുരുക്കുകള്‍’ പരിഹരിക്കാന്‍ ദേശീയപാത വിഭാഗം ഒരുങ്ങുന്നു. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയര്‍പിന്‍ വളവുകള്‍ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി വീതികൂട്ടി നവീകരിക്കാന്‍ അന്‍പത് കോടിയുടെ പദ്ധതിയാണ് ദേശീയപാതാ വിഭാഗം തയ്യാറാക്കിയിരിക്കുന്നത്.
മൂന്ന് വളവുകളും മുപ്പത് മീറ്റര്‍ ഉയരത്തില്‍ പാര്‍ശ്വഭിത്തി നിര്‍മിച്ചായിരിക്കും നവീകരിക്കുക. റോഡ് നവീകരണം ഏതു വിധിത്തില്‍ ആയിരിക്കണമെന്നതിന് കൃത്യമായ നിര്‍ദേശങ്ങളുണ്ടെങ്കിലും വളവുകള്‍ നവീകരിക്കുന്ന പദ്ധതിക്ക് സര്‍ക്കാരിന്‍റെ ഭരണാനുമതി ലഭിക്കുന്ന മുറക്കായിരിക്കും തുടര്‍ നടപടിയുണ്ടാകുക.
വര്‍ഷങ്ങളായി Thamarassery ചുരത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അതിരൂക്ഷമായ ഗതാഗത കുരുക്കിനെതിരെ ജനവികാരം ശക്തമായി തുടരുകയാണ്. ഇതിനിടെ ചുരത്തിലെ വളവുകള്‍ വീതി കൂട്ടുന്നതിന് 2018-ല്‍ 0.92 ഹെക്ടര്‍ വനഭൂമി വിട്ടു കിട്ടിയിരുന്നെങ്കിലും മൂന്ന്, അഞ്ച് ഹെയര്‍പിന്‍ വളവുകള്‍ മാത്രമാണ് നവീകരിച്ചത്. ദേശീയ പാതയില്‍ പുതുപ്പാടി മുത്തങ്ങ റീച്ചിലെ നവീകരണ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി ചുരത്തിലെ വീതിയില്ലാതെ കിടക്കുന്ന വളവുകള്‍ വികസിപ്പിക്കാനായിരുന്നു ദേശീയ പാതാ വിഭാഗം നടപടി എടുത്തിരുന്നത്. എന്നാല്‍, ഈ വലിയ പ്രവൃത്തിക്ക് കാല താമസം വരുമെന്നത് കണക്കിലെടുത്താണ് ആറ്, ഏഴ്, എട്ട് വളവുകള്‍ പ്രത്യേക ഫണ്ട് വകയിരുത്തി നവീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.