Thamarassery: താമരശ്ശേരിയില്‍ സമീപത്തായുള്ള രണ്ട് കടകളില്‍ കയറിയ മോഷ്ടാവ് പണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മാങ്ങയും സിഗരറ്റ് പാക്കറ്റുകളുമായി മടങ്ങി. ചുങ്കത്തെ കെ ജി സ്റ്റോര്‍, മാത ഹോട്ടല്‍ എന്നിവിടങ്ങളിലാണ് കള്ളന്‍ കയറിയത്. ഇരു സ്ഥാപനങ്ങളും 50 മീറ്റര്‍ മാത്രം അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. മാതാ ഹോട്ടലിന്റെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്ത് കടക്കുന്നതിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
താമരശ്ശേരി അമ്പായത്തോട് സ്വദേശി കൃഷ്ണന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇത് മൂന്നാം തവണയാണ് കവര്‍ച്ച നടക്കുന്നത്. കൗണ്ടറിലെ മേശ തുറന്ന് അകത്തുണ്ടായിരുന്നതെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. മേശയില്‍ തുച്ഛമായ തുക മാത്രമാണ് ഉണ്ടായിരുന്നത്. താമരശ്ശേരി കുന്നുംപുറത്ത് സ്വദേശിയായ ഉണ്ണിയുടെ കെ ജി സ്റ്റോറിലും മുന്‍പ് മോഷണം നടന്നിരുന്നു. അതിനാല്‍ പണം ഇവിടെ സൂക്ഷിക്കാറുണ്ടായിരുന്നില്ല. കടയ്ക്കുള്ളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട് പണം ലഭിക്കാതെ വന്നപ്പോള്‍ കടയിലുണ്ടായിരുന്ന മാങ്ങയും 10 പായ്ക്കറ്റ് സിഗരറ്റുമായി കള്ളൻ മടങ്ങുകയായിരുന്നു. മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത്. അതിനാൽ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
A thief broke into two shops in Thamarassery — Matha Hotel and K.G. Store — but, finding little or no cash, stole mangoes and 10 cigarette packets instead. CCTV captured him breaking into Matha Hotel, which has faced theft three times before. Both shops had previously been robbed, so cash was not stored inside. The thief’s face was covered, and police have registered a case and started an investigation.














